മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏഴ് പേര് സ്ത്രീകളും രണ്ട് കുട്ടികളുമാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
താനെയിലെ അംബേര്നാദില് നിന്നും തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോയ സ്വകാര്യ ആഡംബര ബസാണ് അമിത വേഗതയില്‍ ട്രക്കില്‍ വന്നിടിച്ചത്. പുലര്‍ച്ചെ 6.30 ഓടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അറിയിച്ചു.






