
ലക്നൗ: പൊഖ്റ വിമാനാപകടത്തില്‍ പെട്ട യു.പി. സ്വദേശി സോനു ജയ്സ്വാളിനെ മരണം കൊണ്ടുപോയത് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍. ആണ്‍കുഞ്ഞിനെ തന്നതിന് കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തില്‍ നേര്‍ച്ച നടത്താന്‍ വേണ്ടിയായിരുന്നു സോനുവിന്റെ യാത്ര. പുതിയതായി ഉണ്ടായ കുഞ്ഞിനെ കണ്‍കുളിര്‍ക്കെ കണ്ടു തീരുംമുമ്പ് സോനുവിനെ മരണം വിമാനാപകടത്തിന്റെ രൂപത്തില്‍ കൊണ്ടുപോയി.
യുപി ഗാസിപ്പുര്‍ ചക് ജൈനബ് ഗ്രാമവാസിയായ സോനുവിന് ആണ്‍കുഞ്ഞ് ഉണ്ടായത് ആറുമാസം മുമ്പായിരുന്നു. ആദ്യത്തെ രണ്ടും പെണ്‍കുഞ്ഞുങ്ങള്‍ ആയിരുന്നതിനാല്‍ സോനുവും ഭാര്യയും ഒരു ആണ്കുഞ്ഞിനായി ഏറെ കൊതിച്ചിരുന്നു. ഇനി ഉണ്ടാകുന്നത് ഒരു ആണ്കുട്ടിയായാല് പശുപതിനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ആഗ്രഹം സഫലമായതിന് നന്ദിപറയാനുള്ള യാത്ര അവസാനത്തേത് ആയി.
സ്വന്തമായി ഒരു ബീയര്ഷോപ്പ് നടത്തുന്ന സോനു വാരണാസിയിലെ സാരാനാഥിലാണ് താമസിച്ചിരുന്നത്. അഭിഷേക് ഖുഷ്വാഹ, വിശാല്ശര്മ്മ, അനില്‍കുമാര്‍ രാജ്ബര്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമാണ് കാഠ്മണ്ഡുവിലേക്ക് പോയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ചൊവ്വാഴ്ച മടങ്ങിയെത്തുമെന്നാണ് സോനു വീട്ടുകാരെ അറിയിച്ചിരുന്നത്. പാരാഗ്ളൈഡിംഗിനായി പോഖ്റയിലേക്ക് പോകുമ്പോഴായിരുന്നു വിമാനാപകടം.






