തെലങ്കാനയില്‍ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപ്പാര്‍ട്ട്മെന്റിലെ മൂന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ ഡെലിവറി ബോയ് റിസ്വാന് മരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. സംഭവം നടന്ന ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കുടുംബത്തോടൊപ്പം യൂസഫ്ഗുഡയിലെ ശ്രീറാം നഗറില്‍ താമസിക്കുന്ന റിസ്വാന് മൂന്ന് വര്‍ഷത്തോളമായി സ്വിഗിയില് ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു. ജനുവരി 11 -ന് ബഞ്ചാര ഹില്‍സിലുളള ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്മെന്റില്‍ ഡെലിവറിക്കെത്തിയ ഇയാളുടെ നേരേ കസ്റ്റമറുടെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ പാഞ്ഞടുക്കുകയായിരുന്നു.
രക്ഷപ്പെടാനായി അടുത്ത നിലയിലേക്ക് ഓടിപ്പോയ റിസ്വാന് മൂന്നാം നിലയില്‍ നിന്ന് താഴേക്ക് പതിച്ചു. ഉടനെ ഇയാളെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്കുളളിലെ അമിത രക്തസ്രാവവും, ഗുരുതരമായി വാരിയെല്ലുകള്‍ക്കേറ്റ ക്ഷതവും മരണത്തിന് കാരണമായി. റിസ്വാന്റെ സഹോദരന് ഖാജയുടെ പരാതിയെത്തുടര്‍ന്ന് നായയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.






