അമൃത്സര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര്ക്കിടെ സുരക്ഷാ വീഴ്ച. പഞ്ചാബിലെ ഹോഷിയാര്പുരിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് സംഭവം. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു യുവാവ് സുരക്ഷ ഭേദിച്ച് രാഹുല്‍ ഗാന്ധിയുടെ അടുത്തെത്തുകയും അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്തു. സുരക്ഷാ ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ പിടിച്ചുനീക്കി. യാത്ര തടസ്സമുണ്ടാകാതെ തുടരുകയും ചെയ്തു.
രാഹുല്‍ ഗാന്ധിക്ക് സുരക്ഷ വീഴ്ചയുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ 2020മുതല്‍ 100 ലേറെ തവണ സുരക്ഷ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രവും സുരക്ഷാ സേനകളും പറയുന്നത്. നിലവില്‍ Z+ സുരക്ഷയുടെ രാഹുല്‍ ഗാന്ധിക്ക് ചുറ്റും 24 മണിക്കൂറും എട്ട് കമാന്‍ഡോകള്‍ ഉണ്ടാവും.
പഞ്ചാബിലേക്ക് യാത്ര കടന്നതോടെ രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ജമ്മു കശ്മീരിലൂടെ കാല്‍നട യാത്ര ഒഴിവാക്കണമെന്നും കാറില്‍ യാത്ര ചെയ്യാവൂവെന്നും സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. യാത്രയിലും താമസയിടങ്ങളിലും സുരക്ഷാ ഏജന്‍സികളുടെ കര്‍ശന പരിശോധനയും ഉണ്ടാവും.
ഈ മാസം 25ന് രാഹുല്‍ ഗാന്ധിയുടെ യാത്ര രാംബാന്‍ ജില്ലയിലെ ബനിഹാല്‍ വഴി ജമ്മു കശ്മീരില്‍ പ്രവേശിക്കും. 27ന് അനന്തനാഗ് വഴി ശ്രീനഗറില്‍ എത്തും.






