മൂന്ന് മാസം പ്രായമുളള പെണ്‍കുഞ്ഞിനെ വളര്‍ത്ത് നായ കടിച്ചുകീറി കൊന്നു. അയര്‍ലന്‍ഡിലെ ക്ലാഷ്മോറിലാണ് മനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം നടന്നത്. മിയ കോണല്‍ എന്ന മൂന്ന് മാസം പ്രായമുളള കുഞ്ഞിനെയാണ് ടെയിലര്‍ വിഭാഗത്തില്‍പെടുന്ന വളര്‍ത്തുനായ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഉറക്കി കിടത്തിയിരുന്ന കുഞ്ഞിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ കുട്ടിയുടെ ബന്ധുവാണ് ആക്രമിക്കപ്പെട്ട നിലയില്‍ കുട്ടിയെ ആദ്യം കണ്ടത്. ബന്ധു കാണുമ്പോള്‍ കുഞ്ഞിന്റെ കിടക്കയിലും മുറിയിലും രക്തം തെറിച്ച്, കുട്ടി നിലത്ത് വീണ് കിടക്കുകയായിരുന്നു . 2021 ജൂണ്‍ ആറിനായിരുന്നു നായ മിയയെ ആക്രമിച്ചത്. വീട്ടുകാരുമായി ഏറെ അടുപ്പം കാത്ത് സൂക്ഷിച്ചിരുന്ന വളര്‍ത്തുനായ കുഞ്ഞിന് കാതകനാകുമെന്ന് കരുതിയില്ലായെന്ന് ബന്ധുക്കള്‍ പറഞ്ഞു. മിയയുടെ തലയ്ക്ക് പിന്നിലായിയാണ് നായ കടിച്ച് കീറിയത്. തലയ്ക്ക് ഏറ്റ പരിക്കും അമിതമായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍.
വേട്ടനായ വിഭാഗത്തില്‍പെടുന്ന ടെറിയര്‍ ഇനം നായയാണ് റെഡ്. എന്നാല്‍ വേട്ടയാടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റെഡിനെ ആദ്യ ഉടമ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ നായയെ വേട്ടയാടാന്‍ പരിശീലിപ്പിച്ചുവെന്ന വിവരം മറച്ചുവെച്ചുകൊണ്ട് കടയുടമ റെഡിനെ മിയയുടെ മാതാപിതാക്കള്‍ക്ക് വിറ്റു. ഉപേക്ഷിക്കപ്പെട്ട നായയെ വീണ്ടും ഉടമയെ കണ്ടെത്തിയെത്തിക്കുന്ന സംഘടനയിലൂടെയായിരുന്നു റെഡ് മിയയുടെ വീട്ടിലെത്തിയത്. പുറത്തൊരുക്കിയ കൂട്ടില്‍ കഴിയുന്ന നായയെ വീട്ടിനുളളില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ലായിരുന്നുവെന്ന് മിയയുടെ അമ്മ പറഞ്ഞു. എന്നാല്‍ സംഭവ ദിവസം റെഡ് എങ്ങനെ അകത്തുകയറിയെന്നതിനെ പറ്റിയാതൊരു അറിവുമില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. കുഞ്ഞിന്റെ മരണത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സമര്‍പ്പിച്ചത്.






