
ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന് അദ്ധ്യക്ഷയെ മദ്യപന് അപമാനിക്കാന്‍ നടത്തിയ ശ്രമം നാടകമാണെന്ന ബിജെപി ആരോപണത്തെ തള്ളി സ്വാതി മലിവാല്‍. ബിജെപിയുടെ ആരോപണത്തെ ഹീനമായ കള്ളം എന്ന് വിശേഷിപ്പിച്ച് സ്വാതി ട്വീറ്റ് ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ തന്റെ ആത്മവീര്യത്തെ പിന്തിരിപ്പിക്കില്ലെന്നും പറഞ്ഞു.
''ഈ ചെറിയ ജീവിതത്തില്‍ മഹത്തരമായ അനേകം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വൃത്തികെട്ട നുണകള്‍ പടച്ചുവിട്ട് ഭയപ്പെടുത്താമെന്ന് വിചാരിക്കേണ്ട. പല തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനൊന്നും എന്നെ തടയാനായിട്ടില്ല. ഓരോ തവണ പീഡനത്തിന് ഇരയാകുമ്പോഴും എന്നിലെ തീ കൂടുതല്‍ ആളിപ്പടരുകയേയുള്ളൂ. ജീവനുള്ളിടത്തോളം കാലം യുദ്ധം ചെയ്തുകൊണ്ടിരിക്കും എന്റെ ശബ്ദം ഇല്ലാതാക്കാനാകില്ല. '' സ്വാതി ട്വീറ്റില്‍ കുറിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മലിവാലിന് നേരെ പീഡനശ്രമം ഉണ്ടായതിന് പിന്നാലെ സംഭവം ഡല്‍ഹി പോലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും താറടിക്കാനുള്ള നാടകമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ആക്രമണത്തിന് ശ്രമിച്ചയാള്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ഈ നാടകം ഒരു ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇപ്പോള്‍ അത് പുറത്തു വന്നെന്നുമാണ് ബിജെപി ആക്ഷേപിച്ചത്.
മലിവാലിനെ ആക്രമിച്ച ഹരീഷ് ചന്ദ്ര സൂര്യവംശി ദക്ഷിണ ഡല്‍ഹി സംഗം വിഹാറിലെ അറിയപ്പെടുന്ന ആംആദ്മിപാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവാ ആരോപിച്ചു. എഎപി എംഎല്‍എ പ്രകാശ് ജാര്വലിന്റെ പ്രചരണപരിപാടിയില്‍ ഹരീഷ് പങ്കെടുക്കുന്നതിന്റെ ഫോട്ടോയും സച്ച്ദേവ പുറത്തുവിട്ടിരുന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അന്താരാഷ്ട്ര സമൂഹത്തെ കാണിക്കാന്‍ വേണ്ടിയുള്ള എഎപിയുടെ ഗൂഡാലോചനയാണ് ഇതെന്നും ആക്ഷേപിച്ചു.
അതേസമയം മലിവാലിനെ ആക്ഷേപിക്കുന്നതിനും ഡല്‍ഹി സര്‍ക്കാരിനെ ഗവര്‍ണറെക്കൊണ്ട് ഒതുക്കാന്‍ ശ്രമിക്കുന്നതിനും പകരം ഡല്‍ഹിയില്‍ നിയമവാഴ്ച കാര്യക്ഷമമാക്കാനാണ് ഇതിന് ആംആദ്മി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് പറഞ്ഞത്.






