
കൊച്ചി : കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം വ്യവസായങ്ങള്‍ സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നുമുളള സര്‍ക്കാര്‍ വാദം പച്ചക്കളളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് . വ്യാജ കണക്കുകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുളള സംസ്ഥാനമാണ് കേരളം . വ്യവസായ യൂണിറ്റുകളില്‍ തമിഴ്നാട്ടില്‍ 4.5 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് വെറും .76ലക്ഷം കോടി രൂപയുടേതാണ് . വിവിധ വ്യവസായ യൂണിറ്റുകളില്‍ തമിഴ്നാട് 26ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കേരളത്തില്‍ 3.3 ലക്ഷമായി ചുരുങ്ങി. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തിലും കേരളം പിന്നിലാണ് നില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .
ബാങ്കുകളില്‍ നിന്ന് നേരിട്ട് വായ്പയെടുത്ത വ്യക്തികള്‍ സ്വന്തം നിലയില്‍ തുടങ്ങുന്ന സംരംഭങ്ങളും സര്‍ക്കാരിന്റെ് കണക്കില്‍പ്പെടുത്തി മേനി നടിക്കുകയാണ് സര്‍ക്കാര്‍. വ്യവസായ വികസനത്തിനും സാമ്പത്തിക പുരോഗതിക്കുമായി ഒന്നും ചെയ്യാതെ കൈയ്യും കെട്ടി ഇരിക്കുകയാണ് ഈ ഗവണ്മെന്റ്.
തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകള്‍ നിരത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സംരംഭക സംഗമത്തില്‍ നിന്നും വിട്ടു നിന്നതെന്നും വി.ഡി.സതീശന് അറിയിച്ചു.






