ന്യുഡല്‍ഹി: വിമാനത്തില്‍ വനിത കാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ സ്‌പൈസ് ജെറ്റ് പുറത്താക്കി. വിമാനത്തിനുള്ളില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയ രണ്ടു പേരെയാണ് പുറത്താക്കിയതെന്ന് സ്‌പൈസ് ജെറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തിങ്കളാഴ്ച ഡല്‍ഹി- ഹൈദരാബാദ് വിമാനത്തിലായിരുന്നു സംഭവം.
പുറത്തിറക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി. സ്‌പൈസ് ജെറ്റിന്റെ എസ്ജി-8133 വിമാനത്തിലായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്ന പുറപ്പെടാന്‍ ഒരുങ്ങിയ വിമാനത്തിലാണ് ഒരു യാത്രക്കാരന്‍ ജീവനക്കാരിക്കു നേരെ ് മോശമായ വാക്കുകള്‍ ഉപയോഗിച്ചത്. അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. ഈ വിവരം അവര്‍ സുരക്ഷാ ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യാത്രക്കാരില്‍ ഒരാള്‍ മോശമായ രീതിയില്‍ ജീവനക്കാരിയെ സ്പര്‍ശിച്ചുവെന്നും പരാതിയുണ്ട്. എന്നാല്‍ അത് വിമാനത്തിലെ തിരക്കിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് യാത്രക്കാരന്റെ നിലപാട്. യാത്രക്കാരന്‍ പിന്നീട് മാപ്പ് എഴുതി നല്‍കിയെങ്കിലും യാത്രക്കിടെ വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് അയാളെ ഇറക്കിവിടുകയായിരുന്നു.
ഡിസംബര്‍ ആറിന് പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ പരിധി വിട്ട പെരുമാറിയതില്‍ കര്‍ശന നടപടിയെടുക്കാന്‍ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് നിര്‍മദശം നല്‍കിയിരുന്നു. മദ്യലഹരിയില ആയിരുന്ന യാത്രക്കാരില്‍ ഒരാള്‍ ശുചിമുറിക്ക് സമീപമിരുന്ന പുകവലിക്കുകയും ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്തിരുന്നു. മറ്റൊരു യാത്രക്കാരന്‍ ഒഴിഞ്ഞുകിടന്നിരുന്ന സീറ്റില്‍ കയറി കിടക്കുകയും സഹയാത്രിക ശുചിമുറിയില്‍ പോയ സമയത്ത് അവരുടെ പുതപ്പ് എടുക്കുകയും ചെയ്തിരുന്നു.
ജനുവരി ഒമ്പതിന് ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ രണ്ട് യാത്രക്കാര്‍ മദ്യലഹരിയില്‍ ബഹളം വച്ചിരുന്നു. ഇവര്‍ക്കെതിരെയും ഇന്‍ഡിഗോയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.






