
ന്യൂഡല്‍ഹി: കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം പിന്നിട് കാഷ് ലെസ് ആണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ വെളിപ്പെടുത്തി. ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ പരസ്യപ്രചരണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള വാലറ്റ്, മൊബൈല്‍ ബാങ്കിങ്ങ് ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നാണ് ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കം നല്കുന്ന മുന്നറിയിപ്പ്. ഓണ്‍ലൈന്‍ പണമിടപാട് കൂടുതല്‍ സുരക്ഷിതമാക്കുന്ന ഹാര്‍ഡ് വെയര്‍ തലത്തിലുള്ള സുരക്ഷ മിക്ക ബാങ്കുകളിലും ഇല്ലെന്നത് ആരെയും ആശ്ചര്യമുണ്ടാക്കും. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യമെന്ന് ക്വാല്ക്കയവും മുന്നറിയിപ്പ് നല്കുന്നു.
ഇന്ത്യയിലെ തന്നെ മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷനുകളില്‍ പോലും ഹാര്‍ഡ് വെയര്‍ ലെവല്‍ സുരാക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് ക്വല്‍കം സീനിയര്‍ ഡയറക്ടര്‍ മാനേജ്മെന്റ സൈ ചൗധരി പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ വഴിയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സുരക്ഷ ലഭ്യമാക്കാന്‍ ക്വല്‍കം ഡിജിറ്റല്‍ പേയ്മെന്റ കമ്പനികളുമായി ബന്ധപ്പെട്ട് വരികയാണെന്നും അടുത്ത വര്‍ഷം മുതല്‍ തന്നെ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുള്ള മൊബൈല്‍ ചിപ്പ് സെറ്റുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഫോണുകള്‍ക്ക് വൈറസിന്റെയോ മാല്വെയറിന്റെയോ പിടിയിലായാല്‍ യൂസര്‍മാര്‍ക്ക് അതുസംബന്ധിച്ച് അലെര്‍ട്ട് നല്‍കാനുള്ള സംവിധാനവും ക്വല്‍കം വിപുലപ്പെടുത്തുന്നുണ്ടെന്ന് ചൗധരി പറഞ്ഞു.






