
റിലീസിംഗിന് മുമ്പ് തന്നെ വന്‍ വിവാദം സൃഷ്ടിച്ച ഷാരൂഖ് ചിത്രം പത്താന് റിലീസിംഗില്‍ റെക്കോഡുമിട്ടു. ഹിന്ദിയില്‍ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടത്തിയ സിനിമ എന്ന റെക്കോഡാണ് പത്താന് കുറിച്ചത്. ലോകത്തുടനീളമായി 8000 പ്രദര്‍ശനങ്ങളാണ് സിനിമ ചെയ്തത്. ആദ്യ ഷോയ്ക്ക് പിന്നാലെ 300 അധിക പ്രദര്‍ശനവും സിനിമയ്ക്ക് നടത്തേണ്ടി വന്നു.
വിദേശത്ത് 100 രാജ്യങ്ങളിലായി 2,500 സ്ക്രീനിംഗാണ് നടത്തിയത്. ഇന്ത്യയില്‍ 5,500 സ്ക്രീനിംഗും നടത്തി. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമാണ്. ആദ്യ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗ് വീണത് 5.5 ലക്ഷം ടിക്കറ്റുകളായിരുന്നു. ആദ്യ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗിന്റെ കാര്യത്തില്‍ 6.50 ലക്ഷം കിട്ടിയ റെക്കോഡ് ബാഹുബലി - ദി കണ്‍ക്ലൂഷനാണ്. ഇതിന് തൊട്ടു പിന്നിലാണ് പത്താന്. കെജിഎഫ് : ചാപ്റ്റര്‍ 2, വാര്, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്നിവയാണ് ആദ്യ അഞ്ചില്‍ നില്ക്കുന്ന ചിത്രങ്ങള്‍. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ വന്‍ പരാജയമായി.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം നിര്‍വ്വഹിച്ച പത്താന് സ്പൈ യൂണിവേഴ്സായിട്ടാണ് ഒരുക്കിയിട്ടുള്ളത്. സല്‍മാനും കത്രീനയും പ്രധാന വേഷം ചെയ്ത ടൈഗര്‍ ഫിലിംസ്, ഹൃത്വിക്കും ടൈഗര്‍ ഷ്രോഫും ചെയ്ത വാറും ഈ ശ്രേണിയില്‍ വരുന്ന സിനിമകളാണ്. പത്താനില്‍ ഷാരൂഖിനും ദീപികയ്ക്കും ഒപ്പം തീവ്രവാദി നേതാവ് ജിം ആയി ജോണ്‍ ഏബ്രഹാമും സിനിമയിലുണ്ട്. നിര്‍മ്മിച്ചിരിക്കുന്നത് യാശ് രാജ് ഫിലിംസാണ്.
2018 ല്‍ അഭിനയിച്ച സീറോയ്ക്ക് ശേഷം ഷാരൂഖ് നായകനാകുന്ന ചിത്രമാണ് പത്താന്. സിനിമ വലിയ വിവാദമാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. ഹിന്ദു സംഘടനകള്‍ സിനിമയുടെ പ്രദര്‍ശനം നടത്തുന്ന തീയേറ്ററുകള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തെ മറികടന്നാണ് സിനിമ പ്രദര്‍ശനം തുടരുന്നത്.






