
ഹൈദരാബാദ് : സംസ്ഥാനത്ത് പൂര്‍ണ്ണതോതില്‍ റിപ്പബ്ലിക്ക് ദിന പരേഡ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെലുങ്കാന സര്‍ക്കാര്‍. പരേഡും ഗാഡ് ഓഫ് ഓണറും അടക്കം ഗ്രൗണ്ടില്‍ സംഘടിപ്പിക്കണം എന്നതായിരുന്നു കോടതി ഉത്തരവ്. കേന്ദ്ര മാനദണ്ഡങ്ങള്‍ മുഴുവന്‍ പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം അംഗീകരിക്കാതെയാണ് സര്‍ക്കാര്‍ ആഘോഷം നടത്തിയത്. മുഖ്യമന്ത്രിയും ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
രാജ്ഭവനില്‍ മാത്രമാണ് ഇത്തവണ ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ പങ്കെടുത്തില്ല. തുടര്‍ന്ന് രാജ്ഭവനിലെ പരേഡില്‍ ഗവര്‍ണ്ണര്‍ തമിഴിസൈ സൗന്ദര്രാജന് ദേശീയ പതാക ഉയര്‍ത്തി. കഴിഞ്ഞ തവണ കോവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചടങ്ങുകള്‍ വെട്ടിചുരുക്കിയിരുന്നു. ഇത്തവണയും രാജ്ഭവനിലും മുഖ്യമന്ത്രിയുടെ വസതിയിലുമായി ചെറിയ ആഘോഷങ്ങള്‍ മാത്രമായി ചടങ്ങ് നടത്തുകയുള്ളുവെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയ സംഗീതസംവിധായകന് കീരവാണി ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവരെ ഗവര്‍ണ്ണര്‍ ആദരിച്ചു.






