
ബെംഗളൂരു: ജനുവരി ഒന്‍പതാം തീയതി ബെംഗളൂരുവില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. ദില്ലിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്റെ അടുത്തേക്ക് എത്തിക്കുന്ന ബസില്‍ കയറിയ സമയത്ത് അവരെ കയറ്റാതെ വിമാനം ടേക്ക് ഓഫ് ചെയ്തതാണ് പിഴ ചുമത്താന്‍ കാരണം.
ഇത്രയും യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടതു കണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ടിക്കറ്റെടുത്ത യാത്രക്കാരും ബസിലെ വിമാനക്കമ്പനി ജീവനക്കാരും. ജി 8116 വിമാനമാണ് യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടത്. ഇത് യാത്രക്കാരെ വളരെയധികം പ്രതിസന്ധിയിലാക്കി. പുലര്‍ച്ചെ 6.30 നുള്ള സര്‍വ്വീസിനാണ് യാത്രക്കാര്‍ തയ്യാറായി വന്നത്. വിമാനത്തില്‍ കയറാന്‍ കഴിയാഞ്ഞതുമൂലം മണിക്കൂറുകള്‍ വൈകിയാണ് മറ്റു വിമാനങ്ങളില്‍ സീറ്റുകള്‍ ലഭ്യമായത്.
ഇതിനെ തുടര്‍ന്ന് വ്യോമസേന മന്ത്രിയേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്ത് രൂക്ഷ വിമര്‍ശനം നടത്തി നിരവധി യാത്രക്കാരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍വേസിന് ഡിജിസിയുടെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ശരിയായ രീതിയിലുള്ള ആശയവിനിമയം നടക്കാതെ പോയതാണ് ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാകാന്‍ കാരണം. കാര്‍ഗോയേയും യാത്രക്കാരെയും കൈകാര്യം ചെയ്യുന്നതില്‍ വിമാനക്കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് ഡിജിസിഎ വ്യക്തമാക്കി.






