
മലപ്പുറം: ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ കള്ളുഷാപ്പ് നടത്തിപ്പുകാരനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കള്ളുഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു.
സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പരിശോധനയായ 'തൂഫാൻ: ദ നാർക്കോ ഹണ്ട്' നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഒമ്പത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ കള്ള് കുടിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെ കോക്കൂർ ഭാഗത്തായിരുന്നു സംഭവം.
വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോൾ സമീപത്തെ കള്ളുഷാപ്പിൽ നിന്നാണ് കള്ള് വാങ്ങി കുടിച്ചതെന്നും, നേരത്തെയും അവിടെ നിന്ന് കള്ള് ലഭിച്ചിരുന്നെന്നും അവർ പൊലീസിനോട് മൊഴി നൽകി. തുടർന്ന് ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോൾ പ്രായപൂർത്തിയാകാത്തവർക്ക് കള്ള് നൽകിയതായി ഇയാൾ സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്.
അന്വേഷണത്തിൽ നിരവധി കുട്ടികൾക്ക് ഷാപ്പിൽ നിന്ന് അനധികൃതമായി കള്ള് നൽകിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. സംഭവത്തെ തുടർന്ന് കള്ളുഷാപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






