
ന്യൂഡല്‍ഹി : മലീനികരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വാഹന പൊളിക്കല്‍ നയത്തിന് അംഗീകാരമായി. ഇതിനെ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പതു ലക്ഷത്തില്‍ പരം വാഹനങ്ങള്‍ പൊളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇവയ്ക്കു പകരം പുതിയ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ ഒന്നു മുതലാണ് പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ ആരംഭിക്കുന്നത്. ഇതിലൂടെ ഒന്‍പതു ലക്ഷം വാഹനങ്ങളാണ് റോഡുകളില്‍ നിന്ന് നീക്കപ്പെടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളും ഇത്തരത്തില്‍ പൊളിക്കല്‍ നയത്തിന്റെ പരിധിയിലാണ് വരുന്നത്. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയില്‍ ഉള്ളതുള്പ്പെടെയുള്ള പഴയ ബസ്സുകള്‍ പൊളിക്കാനാണ് തീരുമാനം.
പൊളിക്കല്‍ നയം അനുസരിച്ച് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 15 വര്‍ഷത്തിനു ശേഷവും വാണിജ്യ വാഹനങ്ങള്‍ 20 വര്‍ഷത്തിനുശേഷവും ഫിറ്റനസ് ടെസ്റ്റിന് വിധേയമാക്കണം. ഫിറ്റനസ് ടെസ്റ്റ് പാസാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കി നല്‍കുകയും അല്ലാത്തവ പൊളിക്കാനുമാണ് തീരുമാനം. വാഹനങ്ങള്‍ പൊളിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങിയാല്‍ റോഡ് നികുതിയില്‍ 25 ശതമാനം ഇളവു ലഭിക്കും.






