
പാറ്റ്ന: ബിജെപിയുമായി ഇനിയൊരു സഖ്യം ഉണ്ടാകണമെങ്കില്‍ താന്‍ മരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. അങ്ങിനെയൊരു തീരുമാനം ഉണ്ടാകുകയാണെങ്കില്‍ അതിന് മുകളില്‍ താന്‍ മരണം തെരഞ്ഞെടുക്കുമെന്ന് നിതീഷ് പറഞ്ഞു. ജെ.ഡി.യു വുമായി ഇനിയൊരു നീക്കുപോക്കില്ലെന്ന് ഞായറാഴ്ച ബി.ജെ.പി. തീരുമാനം എടുത്തതിന് പിന്നാലെ പ്രതികരണം തേടിയപ്പോഴായിരുന്നു മറുപടി.
അതേസമയം നിതീഷിന്റെ പ്രതികരണത്തെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്സ്വാള്‍ പരിഹസിച്ചു. 2016 ല്‍ നിതീഷ് പറഞ്ഞത് സമ്പൂര്‍ണ്ണമായി തകര്ന്നുപോയാലും ബിജെപിയ്ക്കൊപ്പം പോകില്ല എന്നായിരുന്നു. അതു കഴിഞ്ഞ് ഇപ്പോള്‍ ആറു വര്‍ഷമായി ഇത് അദ്ദേഹത്തിന്റെ രണ്ടാം എപ്പിസോഡാണ്. മൂന്നാം തവണയും ബീഹാറിലെ ജനങ്ങളോട് മുഖ്യമന്ത്രിയ്ക്ക് ഇങ്ങിനെ പറയാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഇനി നിതീഷ്കുമാറുമായി ഒരു ബന്ധവും പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് ബീഹാറിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് ടാവ്ഡേ പറഞ്ഞു. രണ്ടു ദിവസം മുമ്പ് ദര്‍ഭാംഗയില്‍ നടന്ന എക്സിക്യുട്ടീവ് മീറ്റിംഗിന്റെ അവസാന ദിവസമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ പൊതുചടങ്ങില്‍ പങ്കെടുത്തുകൊണ്ടായിരുന്നു നിതീഷിന്റെ പ്രതികരണം. ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തെ ആരാണ് കൊലപ്പെടുത്തിയത് എന്ന് നാം മനസ്സിലാക്കണമെന്നും അവരാണ് ഗാന്ധിയെ കൊന്നതെന്നും നിതീഷ് പറഞ്ഞു. മുസ്ളീംഗങ്ങള് ഉള്‍പ്പെടെ എല്ലാ ജനങ്ങളെയും സംരക്ഷിച്ചതിനായിരുന്നു അവര്‍ ഗാന്ധിയെ കൊന്നത്. പുതിയ തലമുറ അത് മറന്നുപോകരുതെന്നും നിതീഷ് പറഞ്ഞു.
താന്‍ സൂചിപ്പിക്കുന്നത് ആരാണോ ഗാന്ധിയെ കൊന്നത് ആ ഗോഡ്സേയെ പൂജിക്കുന്നവരെ ആണെന്നും നിതീഷ് പറഞ്ഞു. അടുത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 40 ലോക്സഭാ സീറ്റുകളില്‍ 36 സീറ്റുകളിലും ജയിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെയും നിതീഷ് പരിഹസിച്ചു. അത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവര്‍ മനസ്സിലാക്കിക്കൊള്ളുമെന്നും മഹാസഖ്യം ബിജെപിയെ 2024 ല്‍ എല്ലാ സീറ്റുകളിലും തോല്‍പ്പിക്കുമെന്ന് പറഞ്ഞു.






