
സമൂഹ മാധ്യമങ്ങളില്‍ കാണുന്ന കാഴ്ച്ചകളെല്ലാം കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയുമോ..... ഇല്ലയെന്ന് തെളിയിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെ . ഓടുന്ന ലോറിയില്‍ സ്റ്റിയറിംഗ് തോര്‍ത്ത് ഉപയോഗിച്ച് കെട്ടിയിരിക്കുന്നു പിന്നിലെ സീറ്റില്‍ കൂളായി കിടക്കുന്ന ഡ്രൈവറിനെയും ആ വീഡിയോയില്‍ കാണാന്‍ കഴിയും. ഈ വീഡിയോ കണ്ടവര്‍ എന്തായാലും ഒന്നു ഞെട്ടിയിരിക്കണം. വീഡിയോ പ്രചരിച്ചത്തിന് പിന്നാലെ അപകടകരമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.
എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വൈറല്‍ യാത്ര നടത്തിയ ഡ്രൈവറുടെ പ്രതികരണം പൊലീസ് പുറത്ത്വിട്ടിരിക്കുന്നത്. ചരക്കുലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന റോ റോ സര്‍വീസില്‍ ഉള്‍പ്പെട്ട ലോറിയില്‍ നിന്നുളള ദൃശ്യങ്ങളാണിത്. ട്രെയിന്‍ പോകുന്ന സമയത്ത് ഒരു രസത്തിനായി എടുത്ത വീഡോയോയായിരുന്നു അതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്.
' താന്‍ ഒരു രസത്തിനായി ഫാമിലി ഗ്രൂപ്പിലിട്ട വീഡിയോ ആരാണ് ഫേയ്സ്ബുക്കില്‍ പങ്കുവച്ചതെന്ന് തനിക്കറിയില്ലായെന്നും അവസാനം എല്ലാവരും ട്രെയിന്‍ കാണിച്ചപ്പോള്‍ താന്‍ മാത്രം കാണിച്ചില്ലായെന്നും ഡ്രൈവര്‍ പറഞ്ഞു. സ്റ്റിയറിംഗ് കെട്ടിവച്ചുകൊണ്ട് ഒരു 100 മീറ്റര്‍ പോലും വണ്ടി ഓടിക്കാനായി കഴിയില്ലായെന്നും അയാള്‍ പറഞ്ഞു.






