
പരസ്യചിത്രങ്ങളിലൂടെയും മോഹന്‍ലാലിനെ നായകനാക്കിയ ‘ഒടിയന്’ സിനിമയിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ സംവിധായകനാണ് വി.എ ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീകുമാര്‍ തന്റെ അഭിപ്രായങ്ങളും നിലപാടുകളും അതിലൂടെ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച ‘മാളികപ്പുറം’ സിനിമയെ അഭിനന്ദിക്കുകയാണ് ശ്രീകുമാർ. സിനിമകളെ കോടി ക്ലബ്ബുകളിൽ കയറ്റുന്നത് കുടുംബപ്രേക്ഷകരാണെന്നും ഈ വിജയം മലയാള സിനിമയുടെ മഹാ വിജയമാണെന്നും ശ്രീകുമാർ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘‘മാളികപ്പുറത്തിന്റെ 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നതാണ്. തിരിച്ചറിവ് നല്‍കുന്നതാണ് . ലോകം മുഴുവന്‍ സ്ക്രീനുള്ള, കാഴ്ചയ്ക്ക് ആളുള്ള, മലയാളികള്‍ അല്ലാത്ത പ്രേക്ഷകരെയും ലഭിക്കുന്ന വിധം അതിരു ഭേദിച്ച മലയാള സിനിമയുടെ വിപണി വലുതാണ്.
മലയാള സിനിമയുടെ വിജയ മന്ത്രം കുടുംബ പ്രേക്ഷകര്‍ തന്നെയാണ് എന്ന് ആവര്‍ത്തിക്കുന്നു മാളികപ്പുറത്തില്‍. ഇപ്പോഴും കോടി തരുന്ന ഓഡിയന്‍സ് ഫാമിലിയാണ്.
ആദ്യം മുതല്‍ സൂപ്പര്‍ താര സ്ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്. വ്യക്തിപരമായി സഹോദര തുല്യനാണ്. ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അര്‍ഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. കഠിന പ്രയത്നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചു.
മാളികപ്പുറം കുടുംബ സമേതമാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്. അയ്യപ്പന് എന്ന വികാരത്തെ തീവ്രതയോടെ സ്ക്രീനില്‍ എത്തിച്ചു മാളികപ്പുറം. ഉണ്ണിക്കൊപ്പം രണ്ടു കുട്ടികളും പെര്‍ഫോമന്‍സില്‍ ഇരുപുറവും ഒന്നിച്ചു നിന്നു ഗംഭീരമാക്കി.
സിനിമയുടെ മഹാവിജയത്തിന് ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുത്ത നിര്‍മാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവര്‍ക്കും സംവിധായകന് വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍.
തിയറ്റര്‍ അനുഭവം നല്കുന്ന സിനിമകള്‍ ഇനിയും കോടികള്‍ നേടും. വിജയം സുനിശ്ചിതമായ ഫോര്‍മുലകള്‍ തിയറ്ററില്‍ ആളെക്കൂട്ടും ഇനിയും. മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന ഒരു നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു.
കയ്യടിക്കുന്നു, നിറഞ്ഞ സ്നേഹത്തോടെ 👏🏾👏🏾
#malikapurammovie #unnimukundan #malayalamcinema...’’ എന്ന കുറിപ്പിനൊപ്പം ചിത്രത്തിന്റെ പോസ്റ്ററും ശ്രീകുമാര്‍ പങ്കുവച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം കഴിഞ്ഞ ദിവസമാണ് ആഗോള കളക്ഷനിൽ 100 കോടി എന്ന നേട്ടം സ്വന്തമാക്കിയത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് മാളികപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയായി ഇതോടെ മാളികപ്പുറം മാറി.അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം നിറഞ്ഞ സദസിലാണ് ഇപ്പോഴും പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരിൽ നിന്നും വലിയ സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.






