
പാലക്കാട് : ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂടി വരുന്നതോടെ ഇന്ധനം നിറയ്ക്കാന്‍ അതിര്‍ത്തി കടക്കുന്നവര്‍ വര്‍ധിക്കും. കര്‍ണാടകത്തിലും തമിഴ്നാട്ടിലും ഇന്ധന വില കേരളത്തെക്കാള്‍ കുറവാണ്. ദീര്‍ഘദൂര ബസുകളും ടൂറിസ്റ്റ് വാഹനങ്ങളും സംസ്ഥാനത്തിനു പുറത്തേക്കു പോയാല്‍ അവിടെനിന്നു ടാങ്ക് നിറച്ചാണ് മടങ്ങുന്നത്.
പാലക്കാട് ജില്ലയില്‍ നിലവില്‍ പെട്രോള്‍ ലിറ്ററിന് 106.88 രൂപയും ഡീസലിന് 95.76 രൂപയുമാണ് നിരക്ക്. വാളയാര്‍ അതിര്‍ത്തി കടന്നാല്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 103.11, 94.73 രൂപ വീതമാണ്. രണ്ടുരൂപ സെസ് കൂടി വരുന്നതോടെ പെട്രോള്‍ വിലയില്‍ ലിറ്ററിന് 5.77 രൂപയും ഡീസലിന് 3.03 രൂപയും വ്യത്യാസം വരും. ഫലത്തില്‍ അതിര്‍ത്തി കടന്നുപോയി ടാങ്ക് നിറച്ചുവരുന്നതാവും വാഹന ഉടമകള്‍ക്ക് ലാഭം.
രാജ്യത്ത് ചരക്കുസേവന നികുതി വന്നെങ്കിലും പെട്രോളും ഡീസലും മദ്യവും കേരള ഗവ. സെയില്‍സ് ടാക്സ് (കെ.ജി.എസ്.ടി.) സംവിധാനത്തിലാണ് തുടരുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് പെട്രോളിന് 30.08 ശതമാനം നികുതിയും ഒരു രൂപ അധിക വില്‍പ്പന നികുതിയും ഇതുരണ്ടും കൂട്ടിയ തുകയ്ക്ക് ഒരുശതമാനം സെസും പിരിച്ചെടുക്കുന്നുണ്ട്. ഡീസലിന് കേരളം 22.76 ശതമാനം നികുതിയും ഒരു രൂപ അധികനികുതിയും ഇതുരണ്ടും കൂട്ടിയ തുകയ്ക്ക് ഒരുശതമാനം സെസും ഈടാക്കുന്നു.
കര്‍ണാടകത്തില്‍ നേരത്തെതന്നെ പെട്രോളിനും ഡീസലിനും കേരളത്തേക്കാള്‍ അഞ്ചുരൂപ കുറവാണ്. അയല്‍സംസ്ഥാനങ്ങളില്‍ വലിയ വില വ്യത്യാസം വരുന്നതിനാല്‍ അതിര്‍ത്തി മേഖലകളിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ടിവരും. ദീര്‍ഘദൂര ടൂറിസ്റ്റ് വാഹനങ്ങളും സംസ്ഥാനത്തുനിന്നും ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തും. വന്‍തോതില്‍ ഇന്ധനം നിറയ്ക്കുന്നവരെല്ലാം അതിര്‍ത്തി കടക്കുമ്പോള്‍ സാധാരണ ഇരുചക്ര-മുച്ചക്ര വാഹനയാത്രക്കാരെയാവും ഇന്ധവില വര്‍ധന രൂക്ഷമായി ബാധിക്കുക.






