
മലയാള സിനിമയ്ക്ക് എന്തുകൊണ്ട് ഓസ്കാര്‍ അവാര്‍ഡ് വേദി ഇപ്പോഴും അന്യമാകുന്നു. ഈ ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിന്റെ റിലീസിന് മുന്നോടിയായി ദുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
''ഓസ്ക്കാറില്‍ മത്സരിക്കുന്ന ചിത്രങ്ങളെ കുറിച്ച് നമ്മള് മനസ്സിലാക്കണം സാധരണയായി ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് ഓസ്ക്കാര്‍ ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്ക് കൗണ്ടിയിലും ലോസ് എഞ്ചല്‍സ് കൗണ്ടിയിലും രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന ചിത്രങ്ങളായിരിക്കും ഓസ്ക്കാറിലേക്ക് പരിഗണിക്കപ്പെടുക. എന്നാല്‍ മലയാള സിനിമ പരിഗണക്കപ്പെടുന്നത് മികച്ച വിദേശ ഭാഷാ ചിത്രം എന്ന വിഭാഗത്തില്‍ മാത്രമായിരിക്കും അതില്‍ ഇന്ത്യയിലെ മറ്റ് ഭാഷാ ചിത്രങ്ങളും ഉള്‍പ്പെടുമെന്നും ''മമ്മൂട്ടി പറഞ്ഞു.
കൂടാതെ സിനിമകളെ കുറിച്ചുളള വിമര്‍ശനം അതിരുകടന്ന് പരിഹാസമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമയെ കുറിച്ചും അവകാശവാദം ഉന്നയിക്കുന്നില്ലായെന്നും, എത്ര ഗീര്‍വാണം അടിച്ചാലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ കൈയ്യൊഴിയുമെന്നും താരം വ്യക്തമാക്കി.
ഉദയകൃഷ്ണന്റെ തിരക്കഥയിലൊരുങ്ങുന്ന ''ക്രിസ്റ്റഫര്‍'' ഫെബ്രുവരി 9നാണ് തിയറ്ററിലെത്തുന്നത്. പോയവര്‍ഷം നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രം ക്രിസ്റ്റഫറിനായി ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.






