കൊച്ചി: വഞ്ചനാ കേസില്‍ നടന് ബാബുരാജ് അറസ്റ്റില്‍. റിസോര്‍ട്ട് പാട്ടത്തിന് നല്കി പണം തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലി പോലീസ് സ്റ്റേഷനില്‍ ഹാജരാന്‍ എത്തവേ കല്ലാറില്‍ നിന്നായിരുന്നു അറസ്റ്റു ചെയ്തത്.
മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്കി കബളിപ്പിച്ചുവെന്ന് ആരോപിച്ചാണ് വ്യവസായി കോതമംഗലം തലക്കാട് സ്വദേശി അരുണ്‍ കുമാര്‍ പരാതി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ വര്‍ഷം അടിമാലി പോലീസ് സ്റ്റേഷനില്‍ വ്യവസായി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് അരുണ്‍കുമാര്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.
മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ട് 2020 ജനുവരിയിലാണ് അരുണ്‍കുമാറിന് പാട്ടത്തിന് നല്‍കിയത്. 40 ലക്ഷം രൂപ കരുതല്‍ ധനമായി വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിസോര്‍ട്ട് തുറക്കാന്‍ കഴിയില്ല. 2021ല്‍ റിസോര്‍ട്ട് തുറക്കാന്‍ തീരുമാനിച്ചിരുന്നു. സ്ഥാപന ലൈസന്‍സിലായി പള്ളിവാസല്‍ പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതാണെന്ന് വ്യക്തമാകുന്നത്.
ഇതോടെ ബാബുരാജിന് നല്കിയ 40 ലക്ഷം രുപ തിരികെ ആവശ്യപ്പെട്ടുവെങ്കിലും നല്‍കിയില്ലെന്നും അരുണ്‍കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2018ലും 2020ലും റിസോര്‍ട്ടിന് റവന്യൂ വകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതാണെന്നും അത് മറച്ചുവച്ചാണ് തനിക്ക് പാട്ടത്തിന് നല്‍കിയതെന്നും കാണിച്ച് അരുണ്‍ കുമാര്‍ അടിമാലി കോടതിയില്‍ വഞ്ചനാ കേസ് നല്‍കുകയായിരുന്നു.






