
ഹൃദയം തുറക്കാതെയുളള വാല്‍വ് ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. ഹൃദയം തുറക്കാതെ രക്തക്കുഴലുകളിലൂടെ ട്യൂബ് കടത്തിവിട്ടാണ് ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ 'ടാവി' നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതാദ്യമായാണ് ടാവി സര്‍ജറി നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയിലായിരുന്നു ശനിയാഴ്ച ഒാപ്പറേഷന് വിജയകരമായി പൂര്‍ത്തിയാക്കിയത്. രോഗി സുഖം പ്രാപിച്ചു വരികയാണ്.
അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കേണ്ടതും എന്നാല്‍ പ്രായാധിക്യം മൂലം ഹൃദയം തുറന്നുളള ശസ്ത്രക്രിയ നടത്താന്‍ സാധിക്കാതിരിക്കുന്നവരിലുമാണ് ടാവി നടത്തുന്നത്. അയോര്‍ട്ടിക് സ്റ്റിനോസിസ്, അയോട്ടിക് വാല്‍വിന് ചോര്‍ച്ച ഇവ ഉളളവര്‍ക്കും ടാവി നടത്താറുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖം, ഹൃദയത്തിന്റെ പമ്പിങ്ങ് കുറഞ്ഞ അവസ്ഥ ഇവ ഉളളവരില്‍ ഹൃദയം തുറന്ന സര്‍ജറി ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ഇക്കൂട്ടര്‍ക്ക് സഹായകമാണ് ടാവി.
രോഗിയെ ബോധം കെടുത്തുകയോ, രക്ത നഷ്ടം വരുത്തുകയോ, മുറിവുണ്ടാക്കുകയോ ചെയ്യുന്നില്ല എന്നത് ടാവിയുടെ മറ്റു പ്രത്യേകതകളാണ.് കുറച്ചു ദിവസത്തെ ആശുപത്രിവാസം മാത്രമേ ഈ സര്‍ജറിയ്ക്ക് ആവശ്യമായി വരുന്നുളളൂ. 13 ലക്ഷം രൂപ വരുന്ന സര്‍ജറി 11 ലക്ഷം രൂപയ്ക്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി.എല്‍ ജയപ്രകാശ്, ഡോ. എന്‍. ജയപ്രസാദ്, ഡോ. സുരേഷ് മാധവന്, ഡോ.മഞ്ജുഷ പിളള , ഡോ. പി.ജി അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.






