
ദില്ലി: ഓണ്‍ലൈന്‍ വാതുവയ്പ് ഗെയിമിലൂടെ പണം നഷ്ടപ്പെടുന്നവര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ഗെയിമുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വളരെ സങ്കീര്‍ണമായ വിഷയമാണ് കേന്ദ്രീകൃത നിയമ നിര്‍മാണം. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ഗെയിമില്‍ പണം നഷ്ടപ്പെടുന്നവരുടെ ആത്മഹത്യകള്‍ ഗൗരവം ഉള്ള വിഷയമായിട്ടാണ് കേന്ദ്രം കാണുന്നത്. കേരളത്തില്‍ അടക്കം ഉണ്ടായ ഇത്തരം ആത്മഹത്യകള്‍ മുന്‍നിര്‍ത്തി കെ മുരളിധരന് എം പി ഉയര്‍ത്തിയ ചോദ്യത്തിനാണ് കേന്ദ്ര ഐ ടി മന്ത്രിയുടെ മറുപടി.
ലോക്ക് ഡൗണ്‍ കാലങ്ങളില്‍ കേരളത്തില്‍ റമ്മി സജീവമായിരുന്നു. ഇത് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേരള ഗെയിമിംഗ് ആക്ടിലെ സെക്ഷന്‍ 14(എ) ഭേദഗതി ചെയ്ത് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
തൃശൂരിലെ 14കാരന് മുതല്‍ ഐ.എസ്.ആര്.ഒ കരാര്‍ ജീവനക്കാരന് വരെ ഗെയിംമില്‍ പണം നഷ്ടമായി ജീവനൊടുക്കിയ സാഹചര്യത്തലായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവുകളെ ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ ഗെയിംമിഗ് കമ്പനികള്‍ മറി കടന്നിരുന്നു. ഇതോടുകൂടി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പത്തോളം കമ്പനികള്‍ കേരളത്തില്‍ വീണ്ടും സജീവമായെന്നാണ് ഈ രംഗത്തെ നിരീക്ഷകരുടെ കണ്ടെത്തല്‍.






