
ലക്നൗ: ഗര്‍ഭ പരിശോധനാ കിറ്റ് കൈവശം വച്ചതിന് മകളെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ മാതാപിതാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം. കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മകളുടെ ചാരിത്ര്യം നഷ്ടപ്പെട്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം.
കൗശാപി സ്വദേശികളായ നരേഷ്, ശോഭ ദേവി, ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ഇരുപത്തിയൊന്നുകാരി. മകളെ കാണാനില്ലെന്ന് ഫെബ്രുവരി മൂന്നിന് നരേഷ് തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ഒരു യുവതിയുടെ ശരീരം കനാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സത്യങ്ങള്‍ പുറത്തു വരുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മാതാപിതാക്കള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഫെബ്രുവരി മൂന്നിനാണ് ബന്ധുക്കളുടെ സഹായത്തോടെ മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തിയത്. ശേഷം തിരിച്ചറിയാതിരിക്കാനായി ബാറ്ററി ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കി. തുടര്‍ന്ന് മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു. കൂട്ടു പ്രതികളായ നരേഷിന്റെ സഹോദരങ്ങള്‍ ഗുലാബിനെയും രമേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനൊടുവില്‍ ഗ്രാമത്തിലെ കനാലില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതാണെന്ന് പോലീസ് തിരിച്ചറിയുകയും, യുവതിയുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുകയുമായിരുന്നു.
മകള്‍ക്ക് ഒരുപാട് ആണ് സുഹൃത്തുക്കളുമായി ബന്ധം ഉണ്ടായിരുന്നെന്നും അവരുമായി നിരന്തരം ഫോണില്‍ സംസാരിക്കുമായിരുന്നെന്നും പിതാവ് പോലീസിന് മൊഴി നല്കി. കിറ്റ് കണ്ടതോടെ മകളുടെ ചാരിത്ര്യം നഷ്ടപ്പെട്ടെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.






