
ചില മാധ്യമങ്ങള്ക്ക് സിപിഐഎമ്മിനോടും ഇടതുപക്ഷത്തോടുമുള്ള വിരോധം അതിര് കടക്കുകയാണെന്നും അത് വ്യക്തിഹത്യയിലേക്ക് പോകുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഎം നേതാവും എല്ഡിഎഫ് കണ്വീനറുമായ ഇ.പി. ജയരാജന്.
വിരോധം പരിധികടന്ന് വ്യക്തിഹത്യയിലേക്ക് എത്തിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഫേസ്ബുക്കില് കുറിച്ചു. എന്ത് നുണകളും അന്തരീക്ഷത്തില് പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. അടിസ്ഥാന രഹിതമായ വാര്ത്തകള് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന മാധ്യമങ്ങള്ക്കെതിരേ നിയമനടപടികള് സ്വീകരിക്കുമെന്നും കുറിപ്പില് പറയുന്നു. കണ്ണൂര് ആന്തൂരിലെ റിസോര്ട്ട് അനധികൃത സമ്പാദ്യമാണെന്നാണ് ഉയര്ന്ന ആരോപണത്തിന് ഇന്നലെ സംസ്ഥാനസമിതി യോഗത്തില് മറുപടി നല്കിയിരുന്നു.
മൊറാഴയിലെ ആയുര്വേദ റിസോര്ട്ട് തന്റെ മകന് തുടങ്ങിവച്ച ബിസിനസ് സംരംഭമാണെന്നും റിസോര്ട്ടില് തനിക്ക് ഒരു പങ്കാളിത്തവുമില്ലെന്നും ഇ.പി. ജയരാജന് സി.പി.എം. സംസ്ഥാന സമിതി യോഗത്തില് പറഞ്ഞിരുന്നു. ഭാര്യ ബാങ്കില്നിന്ന് വിരമിച്ചപ്പോഴുണ്ടായ ആനുകൂല്യങ്ങള് മകന്റെ നിര്ദേശപ്രകാരം ഇതില് നിക്ഷേപിച്ചിട്ടുണ്ട്. റിസോര്ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായ അനുമതിയുടെ ഭാഗമായിട്ടുള്ളതാണെന്നും ഇ.പി. ജയരാജന് പറഞ്ഞു.
സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ആരോപണത്തിനാണ് സംസ്ഥാന സമിതിയില് ഇ.പി.ജയരാജന് മറുപടി നല്കിയത്. 40 വര്ഷത്തിലധികമായി പൊതുജീവിതത്തില് സുതാര്യമായി പ്രവര്ത്തിക്കുന്നയാളാണ് താനെന്നും വ്യക്തിഹത്യ നടത്താനായി ഇപ്പോള് മനഃപൂര്വം ആരോപണമുയര്ത്തുകയാണെന്നും പറഞ്ഞു. വിവാദമുണ്ടായപ്പോള് പാര്ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയും ഇ.പി ഉന്നയിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാര്ട്ടി അന്വേഷിക്കണമെന്ന് ഇപി സംസ്ഥാന സമിതിയില് ആവശ്യപ്പെട്ടു.
ആക്രമണം തുടര്ന്നാല് കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം. വേട്ടയാടല് തുടര്ന്നാല് പൊതുപ്രവര്ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന സൂചനയും നല്കി. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന് പി.കെ.ജയ്സനും പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുര്വേദ റിസോര്ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങള് ഡിസംബറില് ചേര്ന്ന സംസ്ഥാന കമ്മിറ്റിയിലാണ് പി.ജയരാജന് ഉന്നയിച്ചത്.







Comments