ശരീരത്തില്‍ ടാറ്റൂ ചെയ്യാനായി താല്പര്യമുളള സ്ത്രീകളും പുൂരുഷന്മാരും നമ്മുടെ സമൂഹത്തിലുണ്ട്. അതില്‍ കുറച്ച് പേരൊക്കെ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കാറുണ്ട്. ബ്രസീലുകാരന് മാര്‍സെലോ ബി-ബോയ് ഡിസൂസ റിബൈറോ അത്തരത്തിലൊരാളാണ്.
മാര്‍സെലോ ഇതിനോടകം തന്നെ 1500 ലധികം ടാറ്റുകളാണത്രേ തന്റെ ശരീരത്തില്‍ ചെയതത്. വിശ്വസിക്കാനാകുന്നില്ലാ അല്ലേ, ശരീരത്തിന്റെ ഏതാണ്ട് 98 ശതമാനവും ടാറ്റു കൊണ്ട് മൂടിയിരിക്കുകയാണ് എന്നാണ് റിബൈറോ പറയുന്നത്. വര്‍ഷങ്ങളായി തന്റെ ശരീരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിവരുകയാണ്. ടാറ്റു ചെയ്തുകൊണ്ടാണ് ആദ്യമായി പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പക്ഷെ ഇതുകൊണ്ട് പരീക്ഷണങ്ങള്‍ അവസാനിച്ചെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പിന്നീട് ഇയാള്‍ ശരീരത്തിന്റെ പലയിടങ്ങളിലും പിയേഴ്സ് ചെയ്ത് ആഭരണങ്ങള്‍ ധരിച്ചു തുടങ്ങി. കൂടാതെ സര്‍ജറികളിലൂടെ അവയങ്ങളില് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
ഏതാണ്ട് മുപ്പത് ലക്ഷം രൂപയാണ് ഇതിനായി റിബൈറോ ചിലവഴിച്ചത്. ഇയാളിപ്പോള്‍ രണ്ട് കൈകളും സര്‍ജറിയിലൂടെ പിളര്‍ത്തിയിരിക്കുകയാണ്. പിളര്‍പ്പ് വരുത്തിയിരിക്കുന്നത് കൈവെളളയ്ക്കും വിരലുകള്‍ക്കും ഇടയിലാണ്. റിബൈറോയുടെ സുഹൃത്ത് തന്നെയാണ് സര്‍ജറി നടത്തിയത്.
ഒരുപാട് ഗവേഷണത്തിന് ശേഷമാണ് ഞാന്‍ ഈ സര്‍ജറിയിലേക്ക് കടന്നത്. ലോകത്ത് പലയിടങ്ങളിലുമായി നടക്കുന്ന ബോഡി മോഡിഫിക്കേഷന് സര്‍ജറികളെ കുറിച്ച് ഞാന്‍ പഠിക്കുന്നുണ്ട്. ഇതുപോലൊന്ന് ആരും ചെയ്തിട്ടില്ല. ആദ്യം കയ്യിലെ എണ്ണമയവും കൊഴുപ്പും നീക്കം കൈകള്‍ മെലിഞ്ഞ പരുവത്തിലാക്കി കൊണ്ടുവരികയാണ് ചെയ്തത്. ഇതും സര്‍ജറിയിലൂടെ തന്നെ.
ഇതിന് ശേഷം നടുഭാഗത്ത് കൂടി കൈകള്‍ പിളര്ത്തിയെടുക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഇപ്പോള്‍ സര്‍ജറിക്ക് ശേഷം എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കാര്യങ്ങള്‍ ചെയ്യുന്നതിനോ അനക്കുന്നതിനോ ഒന്നും തടസമില്ല. കാണുമ്പോള്‍ ചിലര്‍ അമ്പരന്ന് നോക്കും. ആരും ഇതിന് ധൈര്യപ്പെടില്ലെന്ന് പറയും. എനിക്ക് ധൈര്യമുണ്ട്. ഞാന്‍ ഇതിലെല്ലാം സന്തോഷം അനുഭവപ്പെടുന്നു...'- റിബൈറോ പറയുന്നു.
മൂന്ന് സര്‍ജറികളാണ് ഇതിനായി നടത്തിയത്. പ്രശസ്തിക്ക് വേണ്ടിയാണ് ഇയാള്‍ ഇത് ചെയ്തതെങ്കില്‍ ഒരിക്കലും അംഗീകരിക്കാനായി കഴിയില്ലായെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം ഒരാളുടെ വ്യക്തിസ്വതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് പറയുന്നവരും ഒട്ടും കുറവല്ല.
ആരോഗ്യത്തിന് വെല്ലുവിളിയാകും വിധത്തിലുള്ള മാറ്റങ്ങള്‍ സര്ജറിയിലൂടെയോ അല്ലാതെയോ ചെയ്യും മുമ്പ് ഏറെ ചിന്തിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ഇത്തരം പ്രവണതകള്‍ അനുകരിക്കുന്നത് നല്ലതല്ലെന്നും ഇവര്‍ താക്കീതായി പറയുന്നു.






