
കൊച്ചി: ആശുപത്രിക്കെട്ടിടങ്ങള്ക്കു നികുതിയിളവ് നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ സംസ്ഥാനത്തിനു കോടികളുടെ നഷ്ടം. ഇളവു നല്‍കാനാവില്ലെന്ന ഹൈക്കോടതി വിധിക്കെതിരേ എറണാകുളം ലിസി ആശുപത്രി നല്കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെ വിധി.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍നിന്ന് ഉള്‍പ്പെടെ കെട്ടിടനികുതി ഇനത്തില്‍ കോടികളുടെ വരുമാനമാണ് സര്‍ക്കാരിനു ലഭിച്ചിരുന്നത്. സുപ്രീംകോടതി വിധിയോടെ ഈ വരുമാനം നിലയ്ക്കും. 1975 ലെ കേരള കെട്ടിടനികുതി നിയമം സെക്ഷന്‍ 3 (1) പ്രകാരം നികുതിയിളവിന് അര്‍ഹതയുണ്ടെന്നാണു സുപ്രീംകോടതി വിധി. ചാരിറ്റബിള്‍ ലക്ഷ്യത്തോടെ പാവപ്പെട്ടവര്‍ക്ക് ആശ്വാസവും വൈദ്യസഹായവും ചെയ്യുന്ന സ്ഥാപനങ്ങളുടെ പരിധിയിലാണ് ആശുപത്രികള്‍ വരുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ നടത്തുന്ന സാമൂഹികസേവനങ്ങളുടെ പട്ടികയും ആശുപത്രി കോടതിയില്‍ ഹാജരാക്കിയിരുന്നു.
2014 ലെ സേക്രഡ് ഹാര്‍ട്ട് ആശുപത്രി കേസിലാണ് ആശുപത്രിക്കെട്ടിടങ്ങള്ക്കു നികുതി നല്കാന് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി വിധിച്ചത്. അന്നുമുതല്‍ കെട്ടിടങ്ങള്‍ക്കു നികുതി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. സുപ്രീംകോടതി വിധിയോടെ ആശുപത്രിക്കെട്ടിട നികുതി വിഷയത്തില്‍ സംസ്ഥാനനിയമം ഇനി ബാധമാകില്ല. ഈ സാഹചര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് റവന്യൂവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ നിയമോപദേശവും തേടും. സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയ ആക്ടിലെ വ്യവസ്ഥ എടുത്തുകളയുന്നതും ആലോചനയിലുണ്ട്. നിലവിലുള്ള വ്യവസ്ഥ എടുത്തുകളയുന്ന നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിനാവും. ഹര്‍ജിക്കാര്‍ ഉന്നയിച്ച മറ്റു വിഷയങ്ങളില്‍ സുപ്രീംകോടതി വിലക്കില്ല. ഈ വിഷയങ്ങളിലേക്കു കടക്കുന്നില്ലെന്നും ഹൈക്കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആരാധനാലയങ്ങള്‍, വര്‍ക്ഷോപ്പ്, ഫാക്ടറി കെട്ടിടങ്ങള്‍ക്കു നിലവില്‍ നികുതിയിളവുണ്ട്.






