തിയറ്ററുകളില്‍ പൊട്ടിചിരി സമ്മാനിച്ച ചിത്രങ്ങളായിരുന്നു 'അമര്‍ അക്ബര്‍ അന്തോണി , കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നീ ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ക്ക് ശേഷം തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും നാദിര്‍ഷയുമായി ഒന്നിക്കുന്നു. ബാദുഷാ സിനിമാസ് പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷത്തിന്റെ അവസാനം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചിത്രത്തിലെ അഭിനേതാക്കളെ നിര്‍ണ്ണയിക്കുന്നത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ബാദുഷ അറിയിച്ചു. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും നാദിര്‍ഷയും ഒന്നിച്ച മറ്റ് രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
അതെ സമയം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്ത വെടിക്കെട്ട് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.






