
സുരക്ഷിതമായിരിക്കാന്‍ ലോക്കറില്‍ വച്ച പണം ചിതല് തിന്നു നശിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഇവിടുത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് ചിതല് കയറിയത്. ഇതിനെ തുടര്‍ന്ന് 2.15 ലക്ഷം രൂപയോളമാണ് ചിതലുകള്‍ തിന്ന് നശിപ്പിച്ചത്.2022 മെയ് മാസത്തിലാണ് ഉദയ്പൂര്‍ സ്വദേശിയായ സുനിത മേത്ത തന്റെ ഭര്‍ത്താവെടുത്ത ലോക്കറില്‍ പണം സൂക്ഷിച്ചിരുന്നത്. കാലാജി ഗൊരാജിയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ബ്രാഞ്ചില്‍ സൂക്ഷിച്ച പണം സന്ദര്‍ശനത്തിനായി തുറന്നപ്പോഴാണ് നോട്ടുകളില്‍ ചിലത് ചിതല് തിന്നതായി കണ്ടെത്തിയത്.
പണം ചിതല് തിന്ന് നശിപ്പിച്ചതോടെ സുനിത ബാങ്കിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ ശേഷം ബാക്കി പണം എണ്ണി നോക്കിയപ്പോഴാണ് അതും ചിതല് തിന്നതായി കണ്ടെത്തിയത്. ഹിരണ്‍ മാഗ്രി സ്വദേശിയായ സുനിത രണ്ട് ലക്ഷം രൂപ ബാഗിലാക്കി ലോക്കറില്‍ സൂക്ഷിക്കുകയും 15000 രൂപ പുറത്തുമാണ് വച്ചിരുന്നതെന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളില്‍ നിന്നും ഏത് നോട്ടാണെന്നു പോലും അറിയാന്‍ കഴിയാത്ത നിലയിലാണ് ചിതല് തിന്നത്.
വിവരങ്ങള്‍ പുറത്തു വന്നതോടെ ബാങ്ക് ലോക്കറില്‍ പണവും തങ്ങളുടെ വിലപ്പെട്ട വസ്തുക്കളും സൂക്ഷിച്ച നിരവധി ഉപഭോക്താക്കള്‍ പരിഭ്രാന്തിയിലായി. ബാങ്കിന് ഉപഭോക്താക്കളെ കുറിച്ചോ പണത്ത കുറിച്ചോ യാതൊരുവിധ ഉത്തരവാദിത്തവുമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിവരങ്ങളെ കുറിച്ച് സംസാരിക്കാനും പ്രശ്നം പരിഹരിക്കാനും സുനിതയെ തിരികെ വീണ്ടും ബാങ്കിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബാങ്കിന്റെ സീനിയര്‍ മാനേജര്‍ പ്രവീണ്‍ യാദവ് വ്യക്തമാക്കി.






