
സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി രാജ്യങ്ങളില്‍ വ്യാജപ്രചാരണവും, അട്ടിമറിയും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങള്‍ പുറത്ത്. 6 മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്ഡിയന് ആണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഈ സംഘം ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ഗാര്ഡിയന് നല്കുന്ന വിവരം.
വമ്പന്‍ കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്പ്പെടുത്തിയും, കൃത്രിമങ്ങളിലൂടെ മുപ്പതോളം രാജ്യങ്ങളിലെ തെരഞ്ഞടുപ്പ് അട്ടിമറിച്ചും, ലക്ഷക്കണക്കിന് വ്യാജ അകൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചും പണം നല്കിയാല് ആര്‍ക്കുവേണ്ടിയും എന്തും സമൂഹ മാധ്യമങ്ങളിലൂടെ ചെയ്തു നല്കുന്ന ഈ ഗൂഢസംഘം ടീം ഹൊഹേ എന്നാണ് അറിയപ്പെടുന്നത്.
മുന്‍ ഇസ്രായേല്‍ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ത്അല്‍ ഹനാനാണ് ഹൊഹേ ടീം രൂപീകരിച്ചത്. യൂട്യൂബ്, ട്വിറ്റര്‍, ജി മെയില്‍, ഫെയ്സ് ബുക്ക്, ലിങ്ക്ഡിന്‍ തുടങ്ങീ ആപ്പുകളെല്ലാം ഈ സംഘം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. പ്രത്യേക സോഫ്റ്റ്വെയര് വഴി അയ്യായിരത്തോളം ബോട്ടുകള്‍ ഉണ്ടാക്കിയായിരുന്നു പ്രചാരണം നടത്തിയത്. റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് ഒരു ആഫ്രിക്കന്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൊഹേയെ സമീപിച്ചത്.
വ്യാജ അക്കൗണ്ടുകള്‍ നുണപ്രചാരണത്തിനായി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് സംഘത്തിന്റെ തലവനായ ത്അല്‍ ഹനാന് തന്നെ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയില്‍ പകര്‍ത്തി. 6 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒളിക്യാമറ ദൃശ്യത്തില്‍ ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടങ്ങളില്‍ തങ്ങള്‍ ലക്ഷ്യം നേടിയെന്നും ത്അല്‍ ഹനാന് അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഒരു വമ്പന്‍ കമ്പനിക്ക് വേണ്ടി വ്യവസായ തര്‍ക്കത്തില്‍ ഇടപെട്ടെന്നും ഈ ഗൂഢ ഇസ്രായേല്‍ സംഘം വ്യക്തമാക്കുന്നു






