
തിരുവനന്തപുരം: ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കെ പദ്ധതിയിലേക്ക് റെഡ്ക്രസന്റിനെ കൊണ്ടുവന്നതും ശിവശങ്കറെന്ന് സംശയം. സ്വപ്നയുമായി ശിവശങ്കര്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റില്‍ നിന്നാണ് ഈ വിവരവും കിട്ടിയിരിക്കുന്നത്. ഇരുവരും തമ്മില്‍ 2019 സെപ്റ്റംബറില്‍ നടത്തിയ വാട്സ്ആപ് ചാറ്റാണിത്.
യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷനിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കര്‍ ഉപദേശിക്കുന്നത്. റെഡ് ക്രസന്റ് സര്‍ക്കാരിന് നല്‍കേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കര്‍ തന്നെ നല്കി. കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇരു കത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിര്‍ദേശം നല്കി. ലൈഫ് മിഷന് ഇടപാടില്‍ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാന്‍ ശിവശങ്കര്‍ ആസൂത്രിത നീക്കം നടത്തിയെന്ന സംശയത്തിന്റെ സാഹചര്യത്തിലാണ് ഇഡിയും സി ബി ഐയും സ്വപ്നയും ശിവശങ്കറും നടത്തിയ ചാറ്റിനെ കാണുന്നത്.






