
നെറ്റ്ഫ്ലിക്സിലൂടെ നിഗൂഢ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ കുറിച്ചുള്ള ഡോക്യു സീരീസ് പുറത്തിറങ്ങുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 ഫ്ലൈറ്റ് കോലാലംപൂരില്‍ നിന്ന് 2014 -ലാണ് ചൈനയിലെ ബീജിംഗ് ക്യാപിറ്റല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
227 യാത്രക്കാരും 12 ജീവനക്കാരുമടങ്ങിയ വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ദക്ഷിണ ചൈനാ കടലില്‍ വച്ച് ദുരൂഹമായി അപ്രത്യക്ഷമാവുകയായിരുന്നു. തിരച്ചില്‍ നടത്തിയിട്ടും വിമാനത്തിന്റെ അവശിഷ്ടങ്ങളോ രക്ഷപ്പെട്ടവരുടെ അടയാളങ്ങളോ ഒന്നും കണ്ടെത്താനായില്ല. ഒന്നിലധികം രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തിയത്.
വിമാനം അപ്രത്യക്ഷമായിട്ട് ഒന്‍പത് വര്‍ഷമായിട്ടും എങ്ങനെയെന്നോ എന്തുകൊണ്ടെന്നോ ഉള്ള കാരണം ആര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല.
മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റ് 370-ന് എന്താണ് സംഭവിച്ചത് എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമായി നിലനില്‍ക്കുകയാണ്. ഡോക്യുമെന്ററിയുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എം എച്ച് 370: ദി പ്ലെയിന്‍ ദാറ്റ് ഡിസപ്പിയേര്‍ഡ്' എന്നാണ് ഡോക്യുമെന്ററിയുടെ പേര്.






