
സിനിമയോടും, നാടകത്തിനോടും തോന്നിയതുപോലെ അഭിനിവേശം മറ്റൊന്നിനോടും എനിക്ക് തോന്നിയിട്ടില്ല. പ്രണയമായിരുന്നു എനിക്ക് അഭിനയത്തിനോട്. നാടകം ഒരിക്കലും കരിയര്‍ ആക്കണമെന്നോ, അതില്‍നിന്ന് എന്തെങ്കിലും ലാഭം നേടണമെന്ന ഉദ്ദേശമോ എനിക്ക് ഉണ്ടായിരുന്നില്ല. പ്രാഥമിക ലക്ഷ്യം അഭിനയം തന്നെയായിരുന്നു . 16 -ാം വയസ്സില്‍ തുടങ്ങിയ അഭിനയയാത്ര ഇന്നും തുടരുന്നു.
2006 ല്‍ 'കോട്ടയത്ത് തമ്പുരാന്' എന്ന നാടകത്തിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് എനിക്ക് ലഭിച്ചതുമുതലാണ് ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്. സിനിമയോ നാടകമോ കണ്ടിട്ടല്ല അഭിനയത്തോട് പ്രണയം തുടങ്ങിയത്. തെയ്യത്തിന്റെ നാട്ടുകാരന് ആയതുകൊണ്ടാകാം കുട്ടിക്കാലം മുതല്‍ തെയ്യം കെട്ടുന്നതും, കാണുന്നതുമൊക്കെ വളരെ കൗതുകമായിരുന്നു. തെയ്യം എന്ന കലാരൂപത്തോടു തോന്നിയ ആരാധനയാണ് അഭിനയത്തിലേക്ക് എന്നെ വഴി തിരിച്ചുവിട്ടത്. പത്താം ക്ലാസ്സു വരെ ഞാന്‍ വളര്‍ന്നത് എന്റെ മൂന്ന് മുത്തശ്ശിമാരുടെ കൂടെയാണ്. മുത്തശ്ശിക്കഥകളും, തോറ്റം പാട്ടുകളും കേട്ടുവളര്‍ന്ന എനിക്ക് കലകളോട് പണ്ടുമുതലേ സ്നേഹമായിരുന്നു, ആ സനേഹമാണ് ഇന്ന് എന്നെ ഇവിടംവരെ കൊണ്ടെത്തിച്ചന്നത് . അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സ്കൂള്‍ നാടകങ്ങളില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ധാരാളം നാടകങ്ങള്‍ കാണാന്‍ തുടങ്ങി. തെയ്യം കെട്ടുന്നവരോട് തോന്നിയ അതേ ആരാധന നാടകം കളിക്കുന്നവരോടും തോന്നി തുടങ്ങി. വല്യമ്മയുടെ മകന് പ്രദീപ് കുമാറാണ് ആദ്യഗുരുനാഥനും റോള്‍ മോഡലും.
2006-ല്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചശേഷം പ്രൊഫഷണല്‍ നാടകങ്ങളില്‍ നിന്ന് താല്‍ക്കാലിക ബ്രേക്ക് എടുത്തു. അങ്ങനെ ഇരിക്കുമ്പോഴാണ് 'ഓച്ചിറ വേലുക്കുട്ടി ആശാന്' എന്ന മഹാനടനെക്കുറിച്ചൊരു ബുക്ക് വായിക്കാനിടയായത്. വല്ലാത്ത ആത്മബന്ധം അദ്ദേഹവുമായി ഉള്ളതുപോലെ. പണ്ട് കാലങ്ങളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ മാത്രം ചെയ്ത് സദസ്സിന്റെ കയ്യടി വാങ്ങിയ അതുല്യ പ്രതിഭ. കുമാരനാശാന്റെ നളിനിയും, ലീലയും, വാസവദത്തയുമൊക്കെ അഭിനയിച്ചു പൊലിപ്പിച്ച ആ മഹാരഥനോടുള്ള ആരാധന നിറഞ്ഞ് നില്ക്കുന്ന സമയത്താണ് 2008-ല്‍ പയ്യന്നൂര്‍ മുരളി സംവിധാനം ചെയ്യുന്ന 'അവതാര പുരുഷന്' എന്ന നാടകത്തില്‍ അഭിനയിക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചത്. നിമിത്തമെന്നുതന്നെ പറയാം, അതില്‍ അഭിനയിച്ചു മടങ്ങിയിട്ടും ആ കഥാപാത്രം എന്റെ മനസ്സില്‍നിന്നു വിട്ടു പോയില്ല. നടന് എന്ന കമല്‍ സംവിധാനം ചെയ്ത സിനിമയിലും വേലുക്കുട്ടിയാശാന്റ വേഷംതന്നെയായിരുന്നു ചെയ്തത്.
ഞാന്‍ ആ സമയം കുട്ടികളുടെ നാടകവും, ക്യാംപസ് നാടകവും സംവിധാനം ചെയ്യുന്ന സമയമാണ്. തോപ്പില്‍ ഭാസിക്കു ശേഷം ഏറ്റവും കൂടുതല്‍ നാടകങ്ങള്‍ എഴുതിയ എഴുത്തുകാരനാണ് സുരേഷ് ബാബു. അദ്ദേഹവുമായി ചേര്‍ന്നാണ് ഞാനും നാടകം ചെയ്യുന്നത്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. ഞങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് എഴുതാന്‍ ഇരിക്കാറുള്ളത്. അങ്ങനെ 'പെണ്നടന്' എന്ന ആശയത്തെ സംബന്ധിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. പ്രൊഫഷണല്‍ നാടകത്തിനപ്പുറമായിരിക്കണം നമ്മുടെ നാടകം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഒരു നടന് വേദിയില്‍ നാടകം അവതരിപ്പിക്കുമ്പോള്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അപ്പോള്‍ സ്ത്രീ വേഷം കെട്ടിയാടുന്ന ഒരു നടനെ സംബന്ധിച്ച് അവര്‍ എന്തെല്ലാം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നു എന്നു നമ്മള് ചിന്തിക്കേണ്ടതായുണ്ട്. കര്ണ്ണനെപോലെയോ, ഭീമനെപ്പോലെയോ ഉശിരുള്ള കഥാപാത്രം ചെയ്യാന്‍ സാധ്യമാകുമെന്ന് ഉത്തമബോധ്യമുള്ള ഒരു നടന്, സ്ത്രീ വേഷം മാത്രം കെട്ടിയാടാന്‍ വിധിക്കപ്പെടുന്നു. വേലുക്കുട്ടി ആശാന് എന്ന ആ അതുല്യ പ്രതിഭയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് പെണ്നടന്.
വേലുക്കുട്ടി ആശാന്റെ ജീവിതം 'പെണ് നടന്' എന്ന 'ഏകാഹാര്യ' നാടകത്തിലൂടെ പുനരാവിഷ്കരിക്കുകയാണ്. 'വിക്രമാദിത്യന്' എന്ന ലാല്‍ജോസ് ചിത്രത്തിലെ 'കുഞ്ഞുണ്ണി' യിലൂടെയാണ് സിനിമാ നടന് എന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ആ സിനിമയില്‍ ലാല്‍ജോസ് സാര്‍ നല്കിയ പണത്തിലൂടെയാണ് 'പെണ്നടന്' എന്ന ഏകാഹാര്യ നാടകത്തിന്റെ ചെലവുകള്‍ വഹിച്ചത്.
2015ല്‍ 'പെണ്നടന്' സ്റ്റേജില്‍ കയറി. എറണാകുളത്തെ അരങ്ങേറ്റം ഗംഭീരമായി. പക്ഷേ പിന്നീട് ആരും വേദികള്‍ തന്നില്ല. സംഗീത നാടക അക്കാദമി നാടകോത്സവത്തില്പോലും ഉള്‍പ്പെടുത്തിയില്ല. ഞാന്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ നാടകം കളിക്കുന്നത്. ബുദ്ധിജീവികള്ക്കുവേണ്ടിയല്ല. 'പെണ്നടന്' ഏറ്റവും കൂടുതല്‍ വേദി ലഭിച്ചിട്ടുള്ളത് കേരളത്തിനു പുറത്താണ്. എന്നാല്‍ മുന്‍നിര അക്കാഡമികളില്‍ പലതും തനിക്കൊരു വേദിതരാന് തയാറായില്ല.
ഒന്നര മണിക്കൂര്‍ നാടകം, പലവേഷങ്ങള്‍... നളിനി, വാസവദത്ത... കുമാരനാശാന്റെ അഞ്ചു കാവ്യങ്ങളിലെ പെണ്‍കഥാപാത്രങ്ങളെ കാണികളുടെ മുന്നിലേയ്ക്ക് എത്തിയ്ക്കുകയാണ്. സ്വതന്ത്രമായ കാഴ്ചപ്പാടാണ്. വാര്‍ദ്ധക്യത്തിലെത്തിയ പഴയ നാടക നടന്മാരുടെ ഇപ്പോഴത്തെ ജീവിതദൈന്യത ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. അവരുടെ കഷ്ടപ്പാടുകള്‍.. സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകള്‍... എല്ലാം ഈ നാടകത്തിലുണ്ട്. നാടകരംഗത്തുനിന്ന് ഞാന്‍ അനുവഭിച്ച അവഹേളനങ്ങള്‍, ഇന്‍സള്‍ട്ടുകള്‍... എത്രയോ രാത്രികളില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. അപ്പോഴും ഉള്ളിലെ ഫയറുണ്ടായിരുന്നു. ഇതെല്ലാം ഞാന്‍ ഈ നാടകത്തിലൂടെ കൊണ്ടുവന്നിട്ടുണ്ട്.
അരങ്ങിലെത്തുന്ന പെണ്‍നടന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരാണ് ഓര്‍ക്കുന്നത്? അയാളുടെ ആത്മ സംഘര്‍ഷങ്ങള്‍, ആരുമറിയാത്ത അയാളുടെ ജീവിതം, തുച്ഛവരുമാനമുള്ള യാതൊരു സുരക്ഷിതത്വവുമില്ലാത്ത തൊഴില്‍.. ഉള്ളിലെരിയുന്ന കനലുകള്‍ അടക്കിപ്പിടിച്ച് , മുഖത്ത് കഥാപാത്രത്തിന്റേതല്ലാത്ത ഒരു ഭാവവും മിന്നാതെയുള്ള മണിക്കൂറുകള്‍... അണിയറയിലോ, പ്രാഥമിക ആവശ്യത്തിനുളള ടോയിലറ്റ് പോലുമില്ലാത്ത മേക്കപ്പ് റൂമുകള്‍... നടനു മുന്നിലുള്ളത് കഥാപാത്രത്തിന്റെ മാത്രം വെല്ലുവിളിയല്ല.
എന്റെ ഉള്ളിലും ഒരു സ്ത്രീയുണ്ട്... ഈ നാടകത്തില്‍ എന്റെ ശബ്ദം മാറ്റുന്നില്ല.. ചേഷ്ടകള്‍ മറിയിട്ടില്ല. എന്റെ നീരീക്ഷണങ്ങള്‍ ആണ്. ഇന്ന് കാണുന്ന പല കോമഡിഷോകളിലും സ്ത്രീ കഥാപാത്രം ചെയ്യുന്ന പുരുഷന്മാര് വളരെ മോശമായാണ് സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ 'പെണ്നടന്' ഒരിക്കലും ഒരു തരത്തിലും ഒരു ചേഷ്ടകൊണ്ടു പോലും മോശമായി സ്ത്രീകളെ അവതരിപ്പിച്ചിട്ടില്ല, അവതരിപ്പിക്കുകയും ഇല്ല. അതുകൊണ്ട് തന്നെ പെണ്‍നടനു ആരാധകര്‍ കൂടുതലും സ്ത്രീകളാണ്. ഇതിന്റെ ഓരോ അവതരണവും മറക്കാനാകില്ല. ഒരിക്കല്‍ അരങ്ങില്‍വച്ച് ഉടുത്തിരുന്ന സാരി മുഴുവന്‍ കത്തി. ഞാന്‍ അഭിനയം തുടര്‍ന്നു. കാണികള്‍ സ്റ്റേജിലെത്തി തീ കെടുത്തി.
നാടകഅരങ്ങുകള് ഉരകല്ലുകളാക്കി അഭിനയമൂര്ച്ചയില് വെട്ടിത്തിളങ്ങി മലയാള സിനിമയിലേയ്ക്ക് കടന്നുപോയ നമ്മുടെ മഹാനടന്മാര് ആരും തന്നെ തിരിച്ചു വന്നില്ല. ബഹുമാനം കുറച്ചു പറയുന്നതല്ല, ഇവര്‍ നാടകത്തിനുമവണ്ടി തിരിച്ച് ഒന്നും ചെയ്തില്ല. നാടകം കളിക്കാനിറങ്ങിയാല് സിനിമ നഷ്ടപ്പെടും. സാമ്പത്തിക നഷ്ടം ത്യജിക്കാന്‍ തയാറാവാതിരുന്നതുകൊണ്ടാണ് അവര്‍ തിരിച്ചു വരാന്‍ മടിച്ചത്. ഇന്ത്യയിലെ മികച്ച നടന്മാരായ അനുപം ഖേറും, നാനാ പടേക്കറും, നവസുദീന്‍ സിദ്ദിക്കും ശനിയും ഞായറും ഷൂട്ടിംഗില്‍ പങ്കെടുക്കില്ല, അവര്‍ ആദിവസങ്ങള്‍ നാടകത്തിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്.
30 വര്‍ഷത്തെ നാടക ജീവിതം, നാടകം ഒരിക്കലും ലാഭമുണ്ടാക്കാന്‍ വേണ്ടി കളിക്കുന്നതല്ല. 2006 ല്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ച 'കോട്ടയത്ത് തമ്പുരാന് എന്ന നാടകത്തിന് 325 രൂപയാണ് കിട്ടിയത്, 2008 ല്‍ കളിച്ച അവതാര പുരുഷന് കിട്ടിയ പ്രതിഫലം 425 രൂപയും.
കലാകാരന് എന്നനിലയില്‍ എനിക്ക് രാഷ്ട്രീയമുണ്ട്, നിലപാടുണ്ട്. സാധാരണ കര്‍ഷകരുടെ മകനാണ്. എന്റെ അമ്മ ഇപ്പോഴും അധ്വാനിച്ചാണ് ജീവിക്കുന്നത്. അതു സമ്പത്തില്ലാത്തതുകൊണ്ടല്ല, അത് രാഷ്ട്രീയമാണ്.
നാടകം അന്യംനിന്നു പൊയ്ക്കോണ്ടിരിക്കുന്ന ഈ കാലത്ത് അവയെ പ്രോത്സാഹിപ്പിക്കേണ്ട കടമ നമുക്കുണ്ട്. 'എം' അടിപ്പിക്കാനും, മദ്യം കഴിക്കാനുമൊക്കെ പ്രേരിപ്പിക്കുന്ന സിനിമയാണ് ഇന്നത്തെ തലമുറ തേടി പോകുന്നത്. പുതിയ തലമുറയിലെ കുട്ടികളില്‍ എനിക്ക് പ്രതീക്ഷയുണ്ട്.
ഭക്ഷണ കാര്യത്തില്‍വരെ വിവാദമാണിവിടെ. ഇത് ജനാധിപത്യരാജ്യമാണ്. നമ്മളെ ബാധിക്കുന്ന വിഷയത്തില്‍ തീര്‍ച്ചയായും അഭിപ്രായം പറയണം. അതിന് ഞാന്‍ എന്തിന് പേടിക്കണം? എന്നെയതിന് പ്രാപത്തനാക്കിയത് എന്റെ നാടാണ്, എന്റെ രാഷ്ടീയമാണ്. വിമര്‍ശനങ്ങളുണ്ട്. അതില്‍ ഭയമില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ഒഴിവക്കപ്പെട്ടിട്ടുണ്ട്. വേദികള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അവഗണനകളും തിരസ്കരിക്കലും മുന്നോട്ടുള്ള എന്റെ സര്‍ഗാത്മക ജീവിതത്തിന് ഇന്ധനം തന്നെയാണ്.