
ഇടുക്കി ജില്ലയില്‍ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനുളള കേരള യൂണിവേഴ്സിറ്റിയുടെ പദ്ധതി വിജയകരം. രണ്ടാം ബാച്ചിലെ 250 വിദ്യാര്‍ത്ഥികളുടെ പഠനമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
പി.എസ്.സി ഓരോ വര്‍ഷവും ഉദ്യോഗാര്‍തഥികളില്‍ നിന്ന് ജോലിക്കായി അപേക്ഷ സ്വീകരിച്ചിരുന്നെങ്കിലും തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ദേവികുളം താലൂക്കില്‍ നിന്നും പി.എസ്.സി യില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. ഇത് മനസിലാക്കിയതോടെയാണ് കേരള യൂണിവേഴ്സിറ്റിയുടെ കീഴില്‍ വരുന്ന മനോമണിയം സെന്റര്‍ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളം പഠിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്.
മനോമണിയം സെന്റര്‍ ഡയറക്ടര്‍ പി.ആര് ജയകൃഷ്ണനാണ് ഇടുക്കി ജില്ല കേന്ദ്രീകരിച്ച് തമിഴ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതേ കുറിച്ചുളള പ്രചാരണം ആരംഭിച്ചത്. മലയാളം പഠിക്കാന്‍ താല്പര്യമുളള വിദ്യാര്‍ത്ഥികളില്‍ 250 പേര്‍ക്ക് അഡ്മിഷന് നല്കി. 2021ല്‍ ആയിരുന്നു ആദ്യ ബാച്ചിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ആദ്യഘട്ടം വിജയം കണ്ടെതോടെ രണ്ടാമതായി അപേക്ഷ ക്ഷണിക്കുകയും ഇതില്‍ വിജയിച്ച 250 പേര്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്തു. ചടങ്ങില്‍ യൂണിവേഴ്സിറ്റി അംഗം അഡ്വ.എ രാജ അധ്യക്ഷനായിരുന്നു. കൊച്ചി സിറ്റി കമ്മീഷണറും ഐജിയുമായ കെ സേതുരാമന് ഐ.പി.എസ്, യൂണിവേഴ്സിറ്റി അംഗങ്ങളായ ഡോ. നജീബ് , ഡോ. കെ.ജി ഗോപി ചന്ദ്രന് , ഡോ.കെഎസ് അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.






