
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ചു സി.പി.എം. തില്ലങ്കേരി ലോക്കല്‍ സെക്രട്ടറി ഷാജി. ആകാശ് നടപ്പാക്കിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ആഹ്വാനം ചെയ്തവയുണ്ടെങ്കില് പറയണമെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ നാട്ടുകാരോടു പാര്‍ട്ടി മാപ്പ് ചോദിക്കുമെന്നും ഷാജി പറഞ്ഞു.
ഒരിക്കല്‍ പോലും ആകാശ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന് ആകാശ് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ്. പല സന്ദര്‍ഭങ്ങളിലും പാര്‍ട്ടി ആകാശിനെ ഉപദേശിച്ചതാണെന്നും തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ ഷുെഹെബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ആകാശ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണിത്. ഷുെഹെബിന്റെ കൊലപാതകം സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തില്‍ ആകാശിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകള്‍ വിവാദമായതോടെയാണു തിടുക്കത്തിലുള്ള നീക്കം.
2018 ഫെബ്രുവരി 12-നു തെരൂരിലെ തട്ടുകടയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുെഹെബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ആകാശ്. കേസില്‍ 17 പ്രതികളാണുള്ളത്. ആകാശ് ഉള്‍പ്പെടെ രണ്ടുപേരെ സി.പി.എം. പുറത്താക്കിയിരുന്നു.
ഷുെഹെബ് വധത്തില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്നു കഴിഞ്ഞദിവസം സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആകാശിനെതിരേ വീണ്ടും പോലീസ് നടപടി തുടങ്ങിയത്.
ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ സി.പി.എം. പൊതുയോഗത്തില്‍ പങ്കെടുത്ത് ആകാശിന്റെ അച്ഛന് വഞ്ഞേരി രവി. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാന്‍ കോടതിയിലെത്തിയത്.
പാര്‍ട്ടിയുടെ വഞ്ഞേരി ബ്രാഞ്ച് കമ്മിറ്റിയംഗമാണ് രവി. പൊതുയോഗത്തില്‍വച്ച് ആകാശിനെ വെല്ലുവിളിച്ചുകൊണ്ടും ശാസിച്ചുകൊണ്ടുമാണ് രവിയുടെ സാന്നിധ്യത്തില്‍ എല്ലാ നേതാക്കളും പ്രസംഗിച്ചത്. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ആകാശ് നടത്തിയതെന്ന് യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി കുറ്റപ്പെടുത്തുകയും ചെയ്തു.






