
വര്‍ഷങ്ങളായി ഗവേഷകരെ ഒന്നടങ്കം സംശയത്തിന്റെ നിഴലിലാഴ്ത്തിയ മമ്മിയുടെ രൂപമാണിത് . ഏകദേശം 300 കൊല്ലം പഴക്കമുളള മമ്മി കാഴ്ചയില്‍ അലറുന്നതു പോലെ തോന്നിപ്പിക്കുന്നു. മനുഷ്യരൂപത്തിന്റേതെന്ന് തോന്നിക്കുന്ന മുഖവും, കൈകളും, പല്ലുകളുമാണ് ഇതിനുളളത്.
എന്നാല്‍ ഇതിന്റെ ഉടല് ഭാഗത്ത് കാലുകള്‍ക്ക് പകരം ചെതുമ്പലോട് കൂടിയ വാല് പോലുളള ചുരുണ്ടരൂപമാണ്. കഥകളിലൂടെ കേട്ടറിഞ്ഞ മത്സ്യകന്യകയുടെ രൂപസദൃശൃമാണുളളതിനാല് അസാകുച്ചി നഗരത്തിലുളളവര്‍ ഇതിനെ മത്സ്യകന്യകയായി കണ്ട് ആരാധിച്ചുപോന്നിരുന്നു.
ഈ സങ്കല്‍പ്പം സത്യമാണോയെന്നറിയാന്‍ ജപ്പാനിലെ ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് ശരിക്കും ഇതൊരു മനുഷ്യ നിര്‍മ്മിത വസ്തുവാണെന്നും പേപ്പര്‍, കോട്ടണ്‍, തുണി മത്സ്യത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവയാണ് ഈ ' മത്സ്യകന്യക'യെ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്.
സംശയങ്ങള്‍ക്കുളള മറുപടിയെന്നോണം ഈ വസ്തുവിനെ കുറാഷികി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ സിടി സ്കാനിന് വിധേയമാക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എക്സ് - റേ എടുത്തപ്പോള്‍ ഈ മമ്മിയില്‍ നട്ടെല്ലോ മറ്റ് എല്ലുകളോ ഇല്ലെന്ന് കണ്ടെത്തി.
എന്നാല്‍ ഇതില്‍ മത്സ്യത്തിന്റെ ശരീര ഭാഗങ്ങളുണ്ട് . താടിയെല്ലും പല്ലുകളും ഒരു മത്സ്യത്തിന്റെ ഭാഗമാണ്. കഴുത്ത്, തോള്, കവിള് എന്നിവിടങ്ങള്‍ മത്സ്യത്തിന്റെ തോല് കൊണ്ട് പൊതിഞ്ഞിരുന്നു.
1736 നും 1741 നും ഇടയില്‍ ജപ്പാനിലെ ഷിക്കോകു ദ്വീപിന് സമീപം പസഫിക് സമുദ്രത്തില്‍ നിന്നായിരുന്നു ഈ ' വിചിത്ര ജീവിയെ ' ലഭിച്ചത്. മത്സ്യബന്ധനവലയില്‍ കുടുങ്ങിയ 12 ഇഞ്ച് നീളമുള്ള ഈ മമ്മി പലരുടെയും കൈവശം സൂക്ഷിക്കപ്പെടുകയും ഒടുവില്‍ അസാകുച്ചി നഗരത്തിലെ ഒരു ക്ഷേത്രത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ നാല്പത് വര്‍ഷമായി ഇതിനെ ഒരു പെട്ടിയിലാക്കി ഇവിടെ സൂക്ഷിക്കുകയായിരുന്നു.
മത്സ്യകന്യകമാര്‍ക്ക് മരണമില്ലെന്നും മത്സ്യകന്യകയുടെ മാംസം കഴിക്കുന്നവര്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുമെന്നുമുള്ള വിശ്വാസം ജപ്പാനീസ് ജനങ്ങള്ക്കിടെയുണ്ടെന്നതിനാല് വിചിത്ര മമ്മി ഏറെ ശ്രദ്ധനേടുകയായിരുന്നു.






