
വാഷിങ്ടൺ: ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യന്‍ വംശജന് എത്തിയേക്കാന്‍ സാധ്യതയേറി. ഇന്ത്യൻ വംശജനായ അജയ് ബംഗയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നാമനിര്‍ദേശം ചെയ്തു. നിലവിൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക്കിൽ വൈസ് ചെയർമാനായ അജയ് ബംഗയ്ക്ക് ഇതോടെ ലോകബാങ്കിന്റെ അമരക്കാരാന്‍ സാധ്യതയേറിയെന്നാണ് വിലയിരുത്തല്‍.
നിലവിലെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് അജയ് ബംഗ എത്തുക. വ്യക്തികളെയും സംവിധാനങ്ങളെയും കെെകാര്യം ചെയ്യുന്നതിലും ലോകമെമ്പാടുമുള്ള ആഗോള നേതാക്കളുമായി പങ്കാളിത്തത്തോടെ നന്നായി പ്രവർത്തിച്ചതിനും മികച്ച ട്രാക്ക് റെക്കോർഡുള്ളയാളാണ് അജയ് ബംഗിയെന്നാണ് ബെെഡൻ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.
പൂനെയില്‍ ജനിച്ച് ഡല്‍ഹിയില്‍ പഠനം നടത്തിയിട്ടുള് അജയ് ബംഗയെ മികവിന്റെ പേരില്‍ 2016 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. മാസ്റ്റർ കാർഡിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന അദ്ദേഹം 12 വര്‍ഷത്തെ സേവനത്തിന് ശേഷം 2021 ലാണ് സ്ഥാനമൊഴിഞ്ഞത്. അമേരിക്കൻ റെഡ്ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇൻക് എന്നിവയുടെ ബോർഡുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
189 അംഗരാജ്യങ്ങള്‍ വരുന്ന ലോകബാങ്ക് തലപ്പത്തേക്ക് ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യാക്കാരന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ബംഗയെ ലോകബാങ്ക് തലപ്പത്ത് നിയോഗിക്കാനുള് നീക്കത്തെ ഇന്ത്യയും പിന്തുണച്ചേക്കാനാണ് കൂടുതല്‍ സാധ്യതകള്‍. അമേരിക്കയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അജയ് ബംഗയ്ക്ക് ലോകബാങ്കിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.






