
3500 വര്‍ഷം പഴക്കമുള്ള കരടിയുടെ ശരീരം സൈബീരിയയിലെ തണുത്തുറഞ്ഞ കാട്ടുപ്രദേശത്തു നിന്നും കണ്ടെത്തി. റെയിന്‍ ഡിയറിനെ പരിപാലിയ്ക്കുന്നവരാണ് കരടിയുടെ ശരീരം ആദ്യമായി കണ്ടത്. യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലായിരുന്നു. 3500 വര്‍ഷത്തിലേറെ പഴക്കമുള്ള കരടിയുടെ ശവശരീരമാണ് ഇതെന്ന് പരിശോധനയിലൂടെ ഗവേഷകര്‍ കണ്ടെത്തിയത്.
ആദ്യമായാണ് ഇത്തരത്തില്‍ ഒരു ജീവിയുടെ അവശിഷ്ടം തങ്ങള്‍ക്ക് കിട്ടുന്നത് , അതുകൊണ്ടുതന്നെ ആന്തരിക അവയവങ്ങളെ കുറിച്ചും തലച്ചോറിനെ കുറിച്ചുമുള്ള പഠനത്തില്‍ ഇത് നിര്‍ണായക പങ്കുവഹിക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്ന കരടിയുടെ മൃതശരീരത്തിന്റെ ജനിതക ഘടന പരിശോധനില്‍ റഷ്യയില്‍ ഇപ്പോള്‍ കണ്ടുവരുന്ന കരടികളെ പോലെ സാമ്യം തോന്നുന്നതായും പറയപ്പെടുന്നു.
മരണസമയത്ത് കരടിക്ക് രണ്ടോ മൂന്നോ വയസ്സ് പ്രായം ഉണ്ടായിരുന്നുള്ളുവെന്നും നട്ടെല്ലിന്ന് വന്ന പരിക്കാണ് മരണകാരണമായതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ബോള്‍ഷോയ് എതറിക്കന് നദിക്ക് സമീപത്തായി കരടിയുടെ മൃതശരീരം കണ്ടെത്തിയതിനാല്‍ 'എതറിക്കന് ബ്രൗണ്‍ ബിയര്‍' എന്നാണ് ഇതിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.






