
ആലപ്പുഴ : ആലപ്പുഴയില്‍ വീണ്ടും റിസോര്‍ട്ട് പൊളിക്കുന്നു. കാപ്പിക്കോ റിസോര്‍ട്ടായിരുന്നു നിയമ ലംഘനത്തെ തുടര്‍ന്ന് നേരത്തേ പൊളിച്ചിരുന്നത്. എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ടാണ് ഇപ്പോള്‍ പൊളിക്കാന്‍ തീരുമാനം ആയത്. ഒളവയപ്പ് കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മാണമെന്നാണ് കണ്ടെത്തല്‍. റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്കി. തീരദേശ നിയമം കാറ്റില്‍ പറത്തിയാണ് റിസോര്‍ട്ട് നിര്‍മ്മാണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കളക്ടറുടെ ഉത്തരവ് പ്രകാരം ഒരു മാസത്തിനകം റിസോര്‍ട്ട് പൊളിച്ചു നീക്കണം.
വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഒന്‍പതോളം കോട്ടേജുകളും പൊളിക്കാന്‍ പോകുന്ന ആഢംബര റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മിച്ചിരുന്നു. 2003 ലാണ് കോടന്തുരുത്ത് പഞ്ചായത്തിലെ ഒളവയപ്പ് കായലിലെ തുരുത്തില് എമറാള്‍ഡ് പ്രിസ്റ്റിന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. റിസോര്‍ട്ടിന്റെ നിര്‍മ്മാണം മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളാണ് പരാതിയുമായി ആദ്യം രംഗത്ത് വന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെ റിസോര്‍ട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഹൈക്കോടതി ജില്ലാ കളക്ടറോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കളക്ടറുടെ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ കോടന്തുരുത്ത് പഞ്ചായത്തിന് വിഷയത്തില്‍ ഇടപെടാനും നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയത്. കായലിന്റെ നടുക്കുള്ള തുരുത്തിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.






