
റായ്പുര്‍: നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എഐസിസി ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത് . പരസ്യമായ പ്രതികരണത്തിന് ആരും പോകാതിരിക്കണമെന്നും പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും കെസി . പരാതികള്‍ ഒഴിവാക്കി കൊണ്ടേ മുന്നോട്ട് പോകൂയെന്നും നിര്‍ദേശങ്ങള്‍ നേതാക്കള്‍ പാലിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ കെസി വേണുഗോപാലിനും കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ഒരുപാട് അവസരങ്ങള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കേരളത്തിലെ ചിലര്‍ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തുന്നത് വേദനാജനകമാണെന്നും മുല്ലപ്പള്ളി ഇന്നലെ ആരോപിച്ചിരുന്നു. പാര്‍ട്ടിയിലെ പല കാര്യങ്ങളും മുതിര്‍ന്ന നേതാക്കള്‍ അറിയുന്നില്ലെന്നും വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സുധാകരനും സതീശനും ചേര്‍ന്ന കോക്കസായാണ് കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നേതൃത്വം തന്നെ ബലിമൃഗമാക്കിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
മുല്ലപ്പള്ളി ഇന്നലെ പറഞ്ഞത്...
''കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ എല്ലാവര്ക്കും ഒരു ബലിമൃഗത്തെ വേണമായിരുന്നു. മാന്യമായി ഒഴിഞ്ഞുപോവാന്‍ പോലും അവസരം നല്‍കാതെ എന്നെ മാറ്റി. കെ.സി വേണുഗോപാല്‍ അറിയാതെ ഇതൊന്നും നടക്കില്ല എന്നത് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കുറ്റം മുഴുവന്‍ എന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. എല്ലാം സഹിച്ച് തുടര്‍ന്നു. ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല. ആത്മാഭിമാനം വെടിയാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്രയും പറയേണ്ടിവന്നത്.'’






