
കോളേജില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയും അതിനെതിരെ സമരം ചെയ്യുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തില്‍ കോളേജിലെ കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കിരുന്നു. എന്നാല്‍ ഇന്ന് പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തുകയായിരുന്നു. ജല അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇ- കോളിയ ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. ഇതോടെ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം. രമയുടെ വാദം പൊളിയുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത് പോലെ കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളം മലിനമല്ലെന്നും താന്‍ വെള്ളം പരിശോധിച്ചതാണെന്നുമായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധത്തെ പ്രതിരോധിച്ചുകൊണ്ട് ഡോക്ടര്‍ എന്‍ രമയുടെ വാദം. എന്നാല്‍ ഈ വാദത്തെ പൊളിക്കുന്നത് ആയിരുന്നു ഇന്ന് ജല അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ റിപ്പോര്‍ട്ട്. ഇ- കോളി അടക്കമുള്ള മാരകമായ ബാക്ടീരിയകള്‍ വെള്ളത്തില്‍ അടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 20 മുതല്‍ ആയിരുന്നു കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ട് കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെന്നും കുടിക്കാന്‍ യോഗ്യമല്ലെന്നുമുള്ള ആരോപണം ഉന്നയിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ മുറിയില്‍ പൂട്ടിയിട്ട് പുറത്തുപോയതോടെയാണ് വിഷയം ഗുരുതരമായത്. ഇതിനുശേഷം എന്‍ രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.






