
ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്ന് കൊണ്ട് 2021 ഉണ്ണി മുകുന്ദന് പങ്കുവച്ച പോസ്റ്റിന് നടന് സന്തോഷ് കീഴാറ്റൂരിന്റെ കമന്റ് വന്‍ ചര്‍ച്ചയായിരുന്നു. 'ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?', എന്നായിരുന്നു സന്തോഷിന്റെ കമന്റ്. എന്നാല്‍ ഇത് ഒരു കൂട്ടം ആളുകളില്‍ പ്രകോപനം ഉണ്ടാക്കുകയും തുടര്‍ന്ന് വിമര്‍ശനത്തിന് വഴിവയ്ക്കുകയുമായിരുന്നു. എന്നാല്‍ ആ വിഷയ്ത്തില് തനിക്ക് വധഭീഷണി വരെ നേരിടേണ്ടതായി വന്നുവെന്നാണ് സന്തോഷ് കീഴറ്റൂര്‍ പറയുന്നത്. യൂട്യൂബ് ചാനലായ സില്ലി മോങ്ക്സിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകള്‍ ഇങ്ങനെ;
അദ്ദേഹത്തിന്റെ സിനിമ നൂറ് ദിവസം ഓടുന്നു. അതുപോലെ ഞാന്‍ ചെയ്യുന്ന സോളോ പെര്‍ഫോമന്‍സ് ഭയങ്കരമായി ആളുകള്‍ ഏറ്റെടുക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സഹപ്രവര്‍ത്തകരാണ്. മല്ലു സിംഗ് പോലുള്ള സിനിമകള്‍ ഭയങ്കരമായി ഇഷ്ടപ്പെട്ട ആളാണ് ഞാന്‍. വിക്രമാദിത്യന് സിനിമയില്‍ മികച്ച വേഷം. സ്റ്റൈല്‍ എന്ന സിനിമയില്‍ നമ്മള് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാന്‍ അന്ന് ബുദ്ധിമോശത്തില്‍ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതില്‍ വധ ഭീഷണി അടക്കം നേരിട്ടൊരാള്‍ ഞാന്‍ ആണ്. കൊന്ന് കളയും എന്നുവരെ ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്റെ രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തിപ്പിടിച്ചത് കൊണ്ടാണ് അതെന്ന് എനിക്കറിയാം. സങ്കടം എന്താണെന്ന് പറഞ്ഞാല്‍, ഞാന്‍ തെറ്റ് സമ്മതിച്ചിട്ട് പോലും അത് വ്യക്തിപരമായി എടുത്തു. അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താല്‍ മതിയായിരുന്നു. പിന്നീട് പലപ്പോഴും അഭിമുഖങ്ങളില്‍ എന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. പക്ഷേ നമ്മളൊക്കെ മനുഷ്യരല്ലേ. അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വിഷമം തോന്നി. കാരണം എന്തിനാണ് അങ്ങനെ ഒക്കെ ചെയ്യുന്നത് തോന്നി. പരസ്പരം തിരിച്ചറിയണം. ആ ഒരു വിഷമം എനിക്ക് ഉണ്ടായിരുന്നു.
'ചേട്ടാ, നമ്മള് ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ', എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കമന്റിനുള്ള ഉണ്ണി മുകുന്ദന് മറുപടി .ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു തുടര്‍ന്ന് സന്തോഷ് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയുകയായിരുന്നു. പേടിച്ചോടി പോയതല്ലെന്നും എന്റെ പോസ്റ്റ് ഉണ്ണിയ്ക്ക് വിഷമമുണ്ടാക്കിയോ എന്ന സംശയത്താലാണ് അത് ഡിലീറ്റ് ചെയ്തതെന്നും സന്തോഷ് അന്ന് പറഞ്ഞിരുന്നു.






