
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി . ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി നിര്‍ദേശപ്രകാരമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവിധ വിധിന്യായങ്ങള്‍ പ്രതിയുടെ അവകാശത്തെ അനുകൂലിക്കുന്നുണ്ട്.
ആറ് വര്‍ഷമായി വിചാരണ തീരാതെ ജയിലില്‍ പ്രതി തുടരുമ്പോള്‍ ജാമ്യം ഒരു അവകാശമായി മാറില്ലേ എന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം പള്‍സര്‍ സുനിയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതില്‍ ആവശ്യപ്പെട്ടു. ആറു വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ വാദം. ഹര്‍ജിയില്‍ അതിജീവിതയുടേത് ഉള്‍പ്പെടെ പള്‍സര്‍ സുനിക്കെതിരായ മൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ നിര്‍ദേശം നല്‍കിയിരുന്നു.
ആറ് മാസം കൂടി സമയം കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കുന്നതിന് വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷന് നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിര്‍പ്പ് അറിയിച്ചിരുന്നു.






