
കൊല്ലം : സിപിഎമ്മുമായി അന്ധമായ വിരോധമില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോണ്‍. സിപിഎമ്മിന്റെ നയങ്ങളോടാണ് തങ്ങള്‍ക്ക് വിയോജിപ്പെന്നും അദ്ദേഹം വ്യക്തമാക്കി . സിപിഎമ്മിനുള്ളില്‍ വ്യക്തിപരമായി ബന്ധമുള്ള നിരവധി നേതാക്കള്‍ ഉണ്ടെന്നും ഷിബു വ്യക്തമാക്കി.
എഎ അസീസ്, പ്രേമചന്ദ്രന്, ഷിബു ബേബി ജോണ്‍ എന്നിവരില്‍ മാത്രമായി ചുരുങ്ങിപ്പോയ പാര്‍ട്ടിയാണ് ആര്‍എസ്പി എന്നായിരുന്നു സിപിഐഎം വിമര്‍ശനം. എന്നാല്‍ ഇടതുപക്ഷത്തില്‍ ഇപ്പോള്‍ ഏകാധിപത്യമാണെന്ന് ഷിബു കുറ്റപ്പെടുത്തി. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അതില്‍ യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 20 ന് തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റിയിലായിരുന്നു ഷിബു ബേബി ജോണിനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത്. എ എ അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം. 2014ല്‍ ആര്‍എസ്പിയുമായി ലയിക്കുന്ന കാലത്ത് ആര്‍എസ്പിബിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബി ജോണ്‍. സംസ്ഥാന സമ്മേളന കാലത്ത് തന്നെ ഷിബുവിന്റെ പേര് ഉന്നയിച്ചിരുന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.






