
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം സിപിഐഎം നേതാക്കളിലേക്ക്. കേസിലെ പരാതിക്കാരന് എം.വി.സുരേഷിന്റെ മൊഴി ഇഡി ഇന്നും രേഖപ്പെടുത്തുകയാണ്. തട്ടിപ്പില്‍ എ.സി.മൊയ്തീന് അടക്കമുള്ള സിപിഐഎം നേതാക്കളുടെ പങ്ക് സംബന്ധിച്ച് ഇഡി വിവരങ്ങള്‍ ആരാഞ്ഞതായി റിപ്പോര്‍ട്ട്.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രന്, മുന്‍ ബാങ്ക് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരുടെ ചോദ്യം ചെയ്യലിനിടെയാണ് പരാതിക്കാരന് എം.വി.സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയത്. ഒറ്റയ്ക്കും സുനില്‍കുമാറിന് ഒപ്പമിരുത്തിയും ഇഡി സുരേഷിന്റെ മൊഴിയെടുത്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്. കഴിഞ്ഞ തവണ മൊഴിയെടുക്കവേ ബാങ്കുമായി ബന്ധപ്പെട്ട തുടക്കം മുതലുള്ള വിശദാംശങ്ങള്‍ ഇഡി ചോദിച്ചതായി സുരേഷ് വ്യക്തമാക്കി. എ.സി.മൊയ്തീന്റെ ഇടപെടല്‍ സംബന്ധിച്ചും, മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രന്റെ ഇടപാടുകളിലും വിവരങ്ങളാരാഞ്ഞതായും എം.വി.സുരേഷ്.
അതേസമയം തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചെന്നും കൈവശമുണ്ടായിരുന്ന രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇഡിക്ക് കൈമാറിയതായും പരാതിക്കാരന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ നല്കാന് കഴിയാതിരുന്ന രേഖകള്‍ ഇന്ന് കൈമാറുമെന്നും എം.വി.സുരേഷ് കൂട്ടിച്ചേര്‍ത്തു.






