
ഭൂമിയിലെ പല ജീവജാലങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്. അതിലൊന്നാണ് ഗോലിയാത്ത് തവളകള്‍. ഇക്വറ്റോറിയല്‍ ഗിനിയയിലും കാമറൂണിലുമാണ് പ്രധാനമായും ഗോലിയാത്ത് തവളകളെ കണ്ടുവരുന്നത്. ഭീമന് തവളകളായ ഇവയ്ക്ക് ഏതാണ്ട് ഒരു പൂച്ചയുടെ വലിപ്പമുണ്ട്. ഭാരം ഏതാണ്ട് മൂന്ന് മൂന്നര കിലോയോളം വരും. കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന പ്രാണികളെ വേട്ടയാടുന്നതില്‍ ഇവ പ്രധാന പങ്കുവഹിക്കുന്നു . എന്നാല്‍, ഇവയുടെ ആവാസ സ്ഥലങ്ങളായ വെള്ളക്കെട്ടുകളും നീര്‍ച്ചാലുകളും നികത്തപ്പെട്ട് തുടങ്ങിയതും, മനുഷ്യന് ഭക്ഷണത്തിനായി ഇത്തരം തവളകളെ വേട്ടയാടാന്‍ തുടങ്ങിയതും ഗോലിയാത്ത് തവളകളുടെ വംശനാശത്തിന് കാരണമായി. ഇതോടെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പട്ടികയില്‍ ഗോലിയാത്ത് തവളകളും ഇടം നേടിയിരിക്കുകയാണ്.
വിളകളെ നശിപ്പിക്കുന്ന പ്രാണികളെ കൊന്നൊടുക്കുന്ന ഗോലിയാത്ത് തവളകളുടെ പ്രാധാന്യം പല ഗ്രാമവാസികള്‍ക്കും അറിയില്ല. കാര്‍ഷിക മിത്രമായ ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചാണ് ഇപ്പോള്‍ കാമറൂണിലെ പാരിസ്ഥിതി സ്നേഹികള്‍ കര്‍ഷകരോട് സംസാരിക്കുന്നത്. പ്രദേശവാസികളെ ബോധവത്ക്കരിച്ച് അവയുടെ വംശനാശം തടയുകയാണ് ഇവരുടെ ലക്ഷ്യം. ഗ്രാമം ഇത്തരം തവളകളെ ലഭിച്ചാല്‍ അനുഗ്രഹിക്കപ്പെടുമെന്ന സാംസ്കാരിക മൂല്യമാണ് സാധാരണക്കാരായ ജനങ്ങളിലേക്ക് കൈമാറുന്നത്. ഇതുവഴി അവയ്ക്ക് സാംസ്കാരിക മൂല്യം നല്‍കാനും അവയെ സംരക്ഷിക്കാനും കഴിയുമെന്നാണ് ഇവയുടെ സംരക്ഷണ സംഘത്തിലുള്ള സെഡ്രിക് ഫോഗ്വാന് പറയുന്നത്.
ഇപ്പോള്‍ തവളവേട്ടക്കാരില് പലരും ഇതിനെ ലഭിച്ചാല്‍ സംഘത്തെ അറിയിക്കുകയും അവയെ കാട്ടിലേക്ക് വിടാന്‍ തയ്യാറാവുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോലിയാത്ത് തവളകള്‍ മൗണ്ടന്‍ ലോനാക്കോ റിസര്‍വിലെ നദികളിലേക്ക് മടങ്ങിയെത്തിയതോടെ തങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭൂമിയിലെ ഭക്ഷ്യസൃംഖലയില് ഏതൊരു ജീവിക്കും അതിന്റേതായ ഭാഗം പൂര്‍ത്തിയാക്കാനുണ്ടെന്നും അവ മുറിഞ്ഞ് പോയാല്‍ ഭൂമിയുടെ ഭക്ഷ്യസന്തുലിതാവസ്ഥ തന്നെ തകിടം മറിയുമെന്നത് പ്രദേശവാസികള്‍ക്ക് നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടെന്നു ഇവര്‍ പറയുന്നു. ഗോലിയാത്ത് തവളകളെ സംരക്ഷിക്കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഫൗണ ആന്റ് ഫ്ലോറ ഇന്റര്‍നാഷണല്‍ എന്നിവരാണ്.






