
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ രാജ്യങ്ങളില്‍ മുന്നില്‍ ഇന്ത്യയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 84 തവണയാണ് രാജ്യത്ത് ഇന്റനെറ്റ് വിച്ഛേദിച്ചത്. 49 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച ജമ്മുകശ്മീരാണ് ഇതില്‍ ഏറ്റവും മുന്നിലുള്ളത്. രാജസ്ഥാനില്‍ പന്ത്രണ്ടും പശ്ചിമബംഗാളില്‍ ഏഴും തവണയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2016 മുതല്‍ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളുടെ 58 ശതമാനവും ഇന്ത്യയിലാണ്.
2021ല്‍ ഇന്ത്യയില്‍ 107 തവണയാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതുമൂലം ബിസിനസില്‍ നഷ്ടം നേരിടുന്ന പരാതി ടെലികോം ഓപ്പറേറ്റര്‍മാരും പലതവണ ഉന്നയിച്ചിരുന്നു. 2022ല്‍ ലോകത്താകമാനം 35 രാജ്യങ്ങള്‍ 187 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. മനുഷ്യാവകാശം എങ്ങനെ ഇല്ലാതാകുന്നു എന്നതിന്റെ മുന്നറിയിപ്പാണ് ഇതെന്നും, ഇത്തരം അടച്ചുപൂട്ടലുകള്‍ അരക്ഷിതാവസ്ഥയാണുണ്ടാക്കുന്നതെന്നും ജനീവയിലെ യുഎന്‍ മനുഷ്യാവകാശ വക്താവ് ലിസ് ത്രോസല്‍ പറഞ്ഞു.അതേസമയം റഷ്യയുമായുള്ള യുദ്ധപശ്ചാത്തലത്തില്‍ 22 തവണയാണ് യുക്രൈനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടത്.






