
ന്യൂഡല്‍ഹി: ഇന്ത്യ ആകാംഷയോടെ ഉറ്റുനോക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മേഘാലയയില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാമത്. വോട്ടെണ്ണല്‍ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ത്രിപുരയിലും നാഗാലാന്റിലും ബിജെപി സഖ്യം മുന്നിലാണ്. മേഘാലയയില്‍ 20 സീറ്റുകള്‍ നേടി എന്‍പിപി കുതിക്കുകയാണ്.
വടക്കുകിഴക്കന്‍ മേഖലയിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ നീക്കത്തിന് മേഘാലയ തിരിച്ചടിയായേക്കും എന്നാണ് സൂചന. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നിലാണ് ബിജെപി. ഒമ്പത് സീറ്റുകളിലാണ് തൃണമൂല്‍ മുന്നിലുള്ളത്. ബിജെപി എട്ടു സീറ്റുകളില്‍ നില്ക്കുന്നു. ഇതോടെ ഇവിടെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി ഉണ്ടായേക്കും.
തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടായാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നോ കോണ്‍ഗ്രസിന്റെയോ സഖ്യമുണ്ടാക്കി എന്‍പിപിയ്ക്ക് ഭരണം നടത്താനായേക്കും. മേഘാലയയില്‍ ഏഴു സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. മറ്റുള്ളവര്‍ രണ്ടു സീറ്റിലും നില്ക്കുന്നു. അതേസമയം ത്രിപുരയിലും നാഗാലാന്റിലും ബിജെപി സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 60 സീറ്റുകളുള്ള ത്രിപുരയില്‍ 36 സീറ്റുകളില്‍ ബിജെപി മുന്നിലാണ്.
ത്രിപുരയില്‍ കോണ്‍ഗ്രസ് ഇടതുപക്ഷം 15 സീറ്റുകളിലും തിപ്രമോദ ആറു സീറ്റുകളിലും മുന്നിലാണ്. നാഗാലാന്റില്‍ ബിജെപി എന്‍ഡിപിപി സഖ്യം 41 സീറ്റുകളിലാണ് മുന്നിലുള്ളത്. എന്‍പിഎഫ് 19 സീറ്റുകളില്‍ നില്ക്കുമ്പോള് കോണ്‍ഗ്രസിന് ലീഡ് പട്ടികയില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ പോലും ആയിട്ടില്ല. നാഗാലാന്റിലും ത്രിപുരയിലും ബിജെപി സഖ്യം ഭരണം നടത്തുമെന്നാണ് ആദ്യ അരമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന സൂചനകള്‍.






