
യുകെയില്‍ നിന്നുള്ള യുവതിയുടെ ഒരു വിചിത്രമായ അവസ്ഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവര്‍ ദിവസത്തില്‍ ഇരുപതും ഇരുപത്തിരണ്ടും മണിക്കൂറുകളാണ് ഉറങ്ങിത്തീര്‍ക്കുന്നത്. 'ഇഡിയോപതിക് ഹൈപ്പര്‍സോമ്നിയ' എന്ന അപൂര്‍വമായ രോഗാവസ്ഥയാണ് മുപ്പത്തിയെട്ടുകാരിയായ ജൊവാന്ന കോക്സിനെ ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്.
എന്തുകൊണ്ടാണ് ഈ രോഗം പിടിപെടുന്നത് എന്നത് ഇതുവരെയും ശാസത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. അതിനാല്‍തന്നെ ഇതിന് ഫലപ്രദമായ ചികിത്സയും നിശ്ചയിക്കപ്പെട്ടിട്ടില്ല.
ജൊവാന്നയ്ക്ക് 2017- ലായിരുന്നു ആദ്യമായി ഇത് സംബന്ധിച്ച പ്രയാസങ്ങള്‍ നേരിട്ടുതുടങ്ങിയത്. രാത്രി മുഴുവന്‍ തടസമില്ലാതെ ഉറങ്ങിയാലും പകല്‍ അസഹനീയമായ ക്ഷീണം അനുഭവപ്പെടും. ജോലി ചെയ്യാനോ മറ്റ് കാര്യങ്ങള്‍ക്കോ ഒന്നും കഴിയാത്ത അവസ്ഥ. ക്ലബ്ബിലും, കാറിലുമുള്പ്പെടെ ഇവര്‍ ഇരുന്ന് ഉറങ്ങും.
തനിക്ക് ആദ്യമെല്ലാം വിഷാദമാണെന്നായിരുന്നു ഡോക്ടര്‍മാര്‍ ചിന്തിച്ചിരുന്നത് എന്നാല്‍ വിഷാദത്തിന്റെ മറ്റ് ലക്ഷണങ്ങളൊന്നും തന്നില്‍ പ്രകടമാകാതിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ പിന്നീടിത് വിഷാദമല്ല എന്ന സ്ഥിരീകരണത്തിലെത്തുകയായിരുന്നു.
എത്ര ഉറങ്ങിയാലും എഴുന്നേല്ക്കുമ്പോള് ക്ഷീണം, ഓര്‍മ്മക്കുറവ്, കാര്യങ്ങളില്‍ അവ്യക്തത തുടങ്ങിയ പ്രശ്നങ്ങള്‍ നിമിത്തം 2019ല്‍ ജൊവാനയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി സ്ഥിരമായി വീട്ടില്‍ തന്നെയായി. ഇതിനിടെ 2021 ലാണ് വിദഗ്ധര്‍ ജൊവാന്നയുടെ രോഗം കണ്ടെത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗവുമായി പൊരുതുകയെന്നത് മാത്രമേ ഇനി തനിക്ക് മുന്നിലുള്ള ഏകമാര്‍ഗമെന്ന് ഇവര്‍ മനസിലാക്കി.
ഇപ്പോള്‍ ഇല്ലാത്ത പല കാഴ്ചകളും കാണുന്നുവെന്ന പ്രശ്നവും ഇവര്‍ നേരിടുന്നുണ്ട്. നൂറുകണക്കിന് എട്ടുകാലികള്‍ കിടക്കയിലൂടെ ഇഴയുന്നതും മറ്റുമാണ് താന്‍ കാണുന്ന കാഴ്ചയെന്നാണ് ഇവര്‍ പറയുന്നത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഉറങ്ങുന്നതിനാല്‍ ഇപ്പോള്‍ സമയത്തെക്കുറിച്ചും, ദിവസങ്ങളെക്കുറിച്ചും തനിക്ക് അറിവില്ല. ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ സാധിക്കുന്നില്ല. പുറത്തുപോകാനോ, സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടാനോ,ഒന്നും സാധിക്കില്ല. എവിടെ നിന്നെങ്കിലും തന്നെ ചികിത്സിക്കാനൊരു വിദഗ്ധനായ ഡോക്ടറെ ലഭിക്കുമെന്നും അതിലൂടെ തന്റെ രോഗത്തിന് ശമനം ലഭിക്കുമെന്നുമാണ് ഇപ്പോള്‍ ജൊവാനയുടെ പ്രതീക്ഷ.






