
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം നടത്തിയ എം കെ രാഘവന് എംപിയോട് വിശദീകരണം തേടി കെപിസിസി. പരസ്യപ്രസ്താവനയില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ട്. അടിയന്തര റിപ്പോര്‍ട്ട് കൈമാറണമെന്ന് ആണ് ഡിസിസിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പി ശങ്കരന് അനുസ്മരണ പരിപാടിയിലായിരുന്നു എം കെ രാഘവന്റെ വിവാദ പരാമര്‍ശം.
സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് പാര്‍ട്ടിയുടെ രീതി എന്നതടക്കമുള്ള വിമര്‍ശനങ്ങളായിരുന്നു ഇന്ന് എം കെ രാഘവന് ഉന്നയിച്ചത്.വിമര്‍ശനവും വിയോജിപ്പും നടത്താന്‍ പറ്റാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ നയിക്കാന്‍ വി എം സുധീരനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇന്ന് ആത്മബന്ധം ഇല്ലാതെയാവുന്നു. പഴയ കോണ്‍ഗ്രസിലെ ആത്മബന്ധം ഇന്നത്തെ കോണ്‍ഗ്രസിനില്ല. അര്‍ഹതയുള്ളവര്‍ പുറത്ത് നില്‍ക്കുകയാണ്. സ്ഥാനമാനങ്ങള്‍ മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. പാര്‍ട്ടിയുടെ ഗുണപരമായ വളര്‍ച്ചയ്ക്ക് ഗുണപരമായ ആളുകളെ കൊണ്ടുവരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അധപതിക്കുമെന്നും എം കെ രാഘവന് പ്രതികരിച്ചിരുന്നു.






