ഷില്ലോംഗ്: മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ പ്രതിസന്ധി അയയുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍പിപിക്ക് യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)യും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിഎഫ്)യും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍പിപി നേതാവ് കൊണ്‍റാഡ് സാംഗ്മയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 45 ആയി. കാലാവധി അവസാനിച്ച മേഘാലയ ഡെമോക്രാറ്റിക അലയന്‍സ് (എംഡിഎ) സര്‍ക്കാരില്‍ എന്‍പിപിയുടെ സഖ്യകക്ഷികളായിരുന്നു യുഡിപിയും പിഡിഎഫും.
നിയമസഭയില്‍ 26 അംഗങ്ങളുള്ള എന്‍പിപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ 31 അംഗങ്ങളുടെ പിന്തുണ വേണം. രണ്ട് വീതം അംഗങ്ങളുള്ള ബിജെപിയും എച്ച്എസ്പിഡിപിയും രണ്ട് സ്വതന്ത്രരും പിന്തുണ അറിയിച്ച നേരത്തെ കത്ത് നല്‍കിയിരുന്നു.
സാംഗ്മയെ പിന്തുണച്ച് യുഡിപി നേതാവും മുന്‍ സ്പീക്കറുമായ മെത്ബാ ലിങ്‌ദോയും പിഡിഎഫ് എംഎല്‍എമാരായ ബന്ദെദോര്‍ ലിങ്‌ദോയും ഗവിന്‍ മൈല്ലിംഗാപുമാണ് കത്ത് നല്‍കിയത്. യുഡിപിക്ക് 11 അംഗങ്ങളും പിഡിഎഫിന് രണ്ടു പേരുമാണ് നിയമസഭയിലുളളത്.
എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ ആഴ്ച അവസാനമായിരിക്കും.






